ഹിന്ദു സമാജ് നേതാവിന്‍റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

By Web TeamFirst Published Oct 22, 2019, 1:14 AM IST
Highlights

ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് കൊലപാതകത്തിന് സഹായിച്ചെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത്

ലഖ്നൗ: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് കൊലപാതകത്തിന് സഹായിച്ചെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളെ കുറിച്ചുളള വിവരം നൽകുന്നവ‍ർക്ക് രണ്ടര ലക്ഷം രൂപയാണ് പൊലീസ് ഇനാം പ്രഖ്യാപിച്ചത്.

കമലേഷ് തിവാരിയെ കൊലപ്പെടുത്തിയവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സെയ്ദ് അസിം അലിയെയാണ് നാഗ്പൂരിൽ തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. 

അതേസമയം കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ വന്നതോടെയാണ് പൊലീസിന്‍റെ ഇനാം പ്രഖ്യാപനം. കമലേഷ് തിവാരിയുടെ വീടിനടുത്താണ് മുഖ്യപ്രതികൾ മുറി ബുക്ക് ചെയ്തിരുന്നത്. ഇവിടുന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും, കത്തിയും പൊലീസ് കണ്ടെത്തി. 

സ്വന്തം പേരും മേൽവിലാസം ഉപയോഗിച്ചാണ് പ്രതികൾ മുറി ബുക്ക് ചെയ്തത്. ഹോട്ടലിലെയും കമലേഷ് തിവാരിയുടെ വീടിന് മുന്നിലെയും സിസിടിവികളിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കമലേഷ് തിവാരി കൊല്ലപ്പെട്ട ഖുര്‍ഷിദ് ബാദിലെ ഹിന്ദു സമാജ് ഓഫിസില്‍ നിന്ന് ലഭിച്ച മധുരപ്പൊതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂറത്തിലെ ബേക്കറിയുടെ പേരാണ് മധുരപ്പൊതിയിൽ ഉണ്ടായിരുന്നത്. 

തിവാരിലെ കൊലപ്പെടുത്താനുള്ള തോക്ക് ഒളിപ്പിച്ചുകൊണ്ടുവന്നത് മധുരപ്പൊതിയിലായിരുന്നു. പ്രവാചക നിന്ദാപ്രസംഗത്തെത്തുടര്‍ന്ന് ബിജനോറില്‍ നിന്നുള്ള മൗലാനമാരുടെ ഭീഷണിയുണ്ടായിരുന്നതായി തിവാരിയുടെ ഭാര്യയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗിന്‍റെ പ്രതികരണം.

click me!