നാവിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി തീവെച്ച് കൊന്ന കേസ്; പ്രതികളെ കുറിച്ച് സൂചനയില്ല

By Web TeamFirst Published Feb 7, 2021, 3:46 PM IST
Highlights

സ്വദേശമായ ജാര്‍ഖണ്ഡില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സൂരജിനെ ജനുവരി 31ന് ചെന്നൈ വിമാനത്തവളത്തില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്.
 

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ അജ്ഞാതര്‍ നാവികനെ തട്ടിക്കൊണ്ടുപോയി തീവെച്ചുകൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അന്വേഷണം ഊര്‍ജിതമെന്ന് പറയുന്ന പൊലീസ് കൊലപാതകം നടന്ന കാടിനടുത്തുള്ള സിസിടിവികള്‍ പരിശോധിക്കുകയാണ്. മകന് നീതി ഉറപ്പാക്കണമെന്ന് കൊല്ലപ്പെട്ട സൂരജ് കുമാര്‍ ദുബെയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.  

കോയമ്പത്തൂരിലെ ഐഎന്‍എസ് അഗ്രാരിയില്‍ ജോലി ചെയ്യുന്ന നാവികനായ സൂരജ് കുമാര്‍ ദുബെ ആണ് കൊല്ലപ്പെട്ടത്. സ്വദേശമായ ജാര്‍ഖണ്ഡില്‍ നിന്നും ലീവ് കഴിഞ്ഞ് മടങ്ങുകയായിരുന്ന

സൂരജിനെ ജനുവരി 31ന് ചെന്നൈ വിമാനത്തവളത്തില്‍ നിന്നാണ് തട്ടിക്കൊണ്ട് പോയത്. ഒരു എസ്യുവി കാറില്‍ കടന്ന സംഘം മൂന്നു ദിവസം ചെന്നൈയില്‍ തന്നെ തുടര്‍ന്നു. പിന്നീട് 1500 കിലോമീറ്ററിലേറെ ദൂരം എസ്യുവി കാറില്‍ സഞ്ചരിച്ചാണ് സൂരജിനെ മഹാരാഷ്ട്രയിലെ പാല്‍ഖറിലുള്ള ഗോള്‍വാദ്  കാട്ടില്‍ എത്തിച്ചത്.ആവശ്യപ്പെട്ട10 ലക്ഷം രൂപ മോചനദ്രവ്യം നല്‍കാതിരുന്നതോടെയാണ് വെള്ളിയാഴ്ച കൊലപാതകം.

പെട്രോളൊഴിച്ച് തീ കൊടുത്തതിനു ശേഷം സംഘം രക്ഷപ്പെട്ടു. പ്രദേശവാസികളാണ്  കത്തിക്കരിഞ്ഞനിലയില്‍ സൂരജിനെ കണ്ടെത്തിയത്.  90 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൂന്നുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് പോലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനോടൊപ്പം പ്രദേശവാസികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മുംബൈയിലെത്തിയ ബന്ധുക്കള്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

click me!