പമ്പുടമയെ നിത്യം നിരീക്ഷിച്ചു, അർധരാത്രി കാറിൽ ഇടിച്ചു കയറി, ശ്വാസം മുട്ടിച്ചു കൊന്നെന്ന് പ്രതികൾ

Published : Oct 16, 2019, 11:29 AM ISTUpdated : Oct 16, 2019, 11:35 AM IST
പമ്പുടമയെ നിത്യം നിരീക്ഷിച്ചു, അർധരാത്രി കാറിൽ ഇടിച്ചു കയറി, ശ്വാസം മുട്ടിച്ചു കൊന്നെന്ന് പ്രതികൾ

Synopsis

മലപ്പുറം അങ്ങാടിപ്പുറത്ത് നിന്ന് ചൊവ്വാഴ്ച കസ്റ്റഡിയിലായ പ്രതികൾ ആദ്യം കുറ്റം സമ്മതിക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പൊലീസ് കാണിച്ചതോടെ ഗത്യന്തരമില്ലാതെ മൂവരും കുറ്റം സമ്മതിക്കുകയായിരുന്നു. 

തൃശ്ശൂർ: കയ്പമംഗലത്ത് പെട്രോൾ പമ്പുടമയെ കാർ തട്ടിയെടുത്ത് ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ മൂന്ന് പ്രതികളും കസ്റ്റഡിയിലായെന്ന് പൊലീസ്. തൃശ്ശൂർ സ്വദേശികളായ അനീസ്, അൻസാർ, സിയോൺ എന്നിവരെയാണ് ചൊവ്വാഴ്ച അങ്ങാടിപ്പുറത്ത് നിന്ന് കസ്റ്റഡിയിലായത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് തെളിവുകൾ കാണിച്ചപ്പോൾ മൂന്ന് പേരും കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. 

തിങ്കളാഴ്ച അർധരാത്രിയോടെ വഴിയമ്പലത്തെ സ്വന്തം പെട്രോൾ പമ്പിൽ നിന്ന് വീട്ടിലേക്ക് പുറപ്പെട്ട കെ കെ മനോഹരന്‍റെ മൃതദേഹം പിന്നീട് കുന്നംകുളം - ഗുരുവായൂർ റോഡിലെ ലിറ്റിൽ ഫ്ലവർ കോളേജ് ജംഗ്ഷന് സമീപം ആളില്ലാത്ത ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിനുള്ളിൽ കണ്ടെത്തുകയായിരുന്നു. കൈകൾ പിന്നിലേക്ക് പിണച്ച നിലയിൽ കമിഴ്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്. കുറേ നേരം ഇദ്ദേഹത്തിന്‍റെ കൈകൾ പിന്നിലേക്ക് കെട്ടിവച്ചിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് പ്ലാസ്റ്റർ ടേപ്പുകളും കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്‍റെ വാച്ച്, മാല, പഴ്‍സ് ചെരിപ്പ് എന്നിവ കാണാതാവുകയും ചെയ്തു. 

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് റൂറൽ പൊലീസിന് തുമ്പ് കിട്ടിയത്. 

എല്ലാം കൃത്യം ആസൂത്രണത്തോടെ!

വഴിയമ്പലത്ത് കഴിഞ്ഞ 12 വർഷമായി പെട്രോൾ പമ്പ് നടത്തുകയാണ് കയ്പമംഗലം സ്വദേശിയായ മനോഹരൻ. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ നിന്ന് ദിവസവും മനോഹരൻ വീട്ടിലേക്ക് പോകാറ് അർധരാത്രി പന്ത്രണ്ടേമുക്കാലിനും ഒന്നേകാലിനുമിടെ. ഇത് കൃത്യമായി നിരീക്ഷിച്ചാണ് പ്രതികൾ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. 

പെട്രോൾ പമ്പിനടുത്ത് തന്നെയാണ് അനീസ്, അൻസാർ, സിയോൺ എന്നീ മൂന്ന് യുവാക്കളും താമസിച്ചിരുന്നത്. ദിവസവും വീട്ടിലേക്ക് പോകുന്ന മനോഹരന്‍റെ പക്കൽ അന്നത്തെ കളക്ഷൻ തുകയുണ്ടാകും എന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. ഒപ്പം ദേഹത്ത് സ്വർണാഭരണങ്ങളും വാച്ചും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമുണ്ടാകുമെന്ന് പ്രതികൾ കണക്കുകൂട്ടി. 

മനോഹരന് ഈ മൂന്ന് യുവാക്കളെയും മുഖപരിചയമെങ്കിലുമുണ്ടായിരുന്നെന്നാണ് പൊലീസിന് മനസ്സിലാകുന്നത്. ഇല്ലെങ്കിൽ എന്നും രാത്രി കാറിൽ പോകുന്ന മനോഹരൻ അർധരാത്രി ഇവർ കൈ കാട്ടിയാൽ കാർ നിർത്തുമായിരുന്നില്ല. കാർ നിർത്തിയ ഉടൻ അടുത്തെത്തിയ ഇവരിൽ ഒരാൾ കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലേക്ക് ഇടിച്ചു കയറി. മറ്റൊരാൾ എതിർവശത്തുനിന്നും ഒരാൾ പിന്നിൽ നിന്നും കയറി. മനോഹരന്‍റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു.

ഇവരിലൊരാളാണ് പിന്നെ വണ്ടിയോടിച്ചത്. മനോഹരനെ ഭീഷണിപ്പെടുത്തി പണം തരാനാവശ്യപ്പെട്ടു. എന്നാൽ കളക്ഷൻ തുക മനോഹരൻ എടുത്തിരുന്നില്ല. പണമില്ലെന്ന് മനോഹരൻ കരഞ്ഞു പറഞ്ഞു. ഇതിനിടെ ഇദ്ദേഹം കുതറി പുറത്തേക്ക് ചാടാൻ ശ്രമിച്ചു. ഉറക്കെ നിലവിളിക്കാൻ ആഞ്ഞു. അപ്പോഴാണ്, വായും മൂക്കും പൊത്തിപ്പിടിച്ചതെന്നും കൈ പിറകിലേക്ക് പിണച്ച് കെട്ടിയതെന്നും പ്രതികൾ പൊലീസിനോട് സമ്മതിക്കുന്നു. കുറേ നേരം വാ പൊത്തിപ്പിടിച്ചപ്പോൾ മനോഹരന്‍റെ ദേഹം അനങ്ങാതായി. 

ആദ്യം നിഷേധിച്ചു, തെളിവുകൾ കാണിച്ചപ്പോൾ വഴങ്ങി

ആദ്യം കുറ്റം സമ്മതിക്കാൻ മൂന്ന് പേരും തയ്യാറായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം വിശദമായി കാണിച്ചപ്പോൾ വേറെ വഴിയില്ലാതെ മൂന്ന് പേരും കുറ്റം സമ്മതിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണസംഘം വിശദമായ വാർത്താ സമ്മേളനം നടത്തും. വ്യക്തിവിരോധമല്ല, പണം മാത്രം ലക്ഷ്യമിട്ടാണ് ഇവർ മനോഹരനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. 

മനോഹരന്‍റെ മൃതദേഹം കണ്ടെടുത്തപ്പോൾത്തന്നെ കയ്പമംഗലം പരിസരത്ത് ക്രിമിനൽ പശ്ചാത്തലമുള്ള ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കണ്ടെത്തലിലെത്തിയിരിക്കുന്നത്. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്