ഇന്ത്യയിലെ കൊലപാതകങ്ങളില്‍ പ്രണയവും അവിഹിത ബന്ധങ്ങളും പ്രധാനകാരണമാകുന്നു.!

By Web TeamFirst Published Nov 20, 2019, 2:49 PM IST
Highlights

നാല് സംസ്ഥാനങ്ങളില്‍ പ്രണയവും അവിഹിത ബന്ധങ്ങളുമാണ് കൊലപാതക കാരണങ്ങളില്‍ മുന്‍പന്തിയില്‍. ആന്ധ്രയിലും തെലുങ്കാനയിലുമായി 384 പേരാണ് ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടത്. 

ദില്ലി: രാജ്യത്ത് കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള പ്രധാന കാരണങ്ങളില്‍ പ്രണയവും അവിഹിത ബന്ധങ്ങളും. രാജ്യത്ത് കൊലപാതകത്തിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പ്രണയവും അവിഹിത ബന്ധങ്ങളും.  നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി)യുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും കൊലപാതകങ്ങള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന്റെ പേരിലുള്ള കൊലകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  2001 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട്. 

2001ല്‍ 36,202 കൊലപാതകങ്ങളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. 2017ല്‍ ഇത് 21% കുറഞ്ഞ് 28,653 ആയി. ഈ കാലയളവില്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലകളില്‍ 4.3 ശതമാനവും സ്വത്ത് തര്‍ക്കത്തെ ചൊല്ലിയുള്ള കൊലകളില്‍ 12 ശതമാനവും കുറവുണ്ടായി. എന്നാല്‍ പ്രണയ ബന്ധങ്ങളെ ചൊല്ലിയുള്ള കൊലകളില്‍ 28% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

2001-2017നുമിടയില്‍ 67,774 കൊലപാതകങ്ങളാണ് വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ നടന്നത്. സ്വത്ത് തര്‍ക്കത്തില്‍ ഇത് 51,554 ആണ്. പ്രണയത്തിന്‍റെ പേരില്‍ 44,412 കൊലപാതകങ്ങളും നടന്നു. 16 വര്‍ഷത്തിനിടെ 28% വര്‍ധനവ് ഈ വിഭാഗത്തില്‍ നടന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2017ല്‍ ഇതില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. 2015ല്‍ 1379 പേര്‍ക്കും 2016ല്‍ 1493 പേര്‍ക്കും 2017ല്‍ 1390 പേര്‍ക്കും പ്രണയത്തിന്റെ പേരില്‍ ജീവന്‍ നഷ്ടമായി.  ദുരഭിമാന കൊലയാണ് മറ്റൊരു വില്ലന്‍. 2017ല്‍ 92 പേരും 2016ല്‍ 71 പേരുമാണ് ദുരഭിമാനത്തിന്‍റെ പേരില്‍ കൊല്ലപ്പെട്ടത്.

നാല് സംസ്ഥാനങ്ങളില്‍ പ്രണയവും അവിഹിത ബന്ധങ്ങളുമാണ് കൊലപാതക കാരണങ്ങളില്‍ മുന്‍പന്തിയില്‍. ആന്ധ്രയിലും തെലുങ്കാനയിലുമായി 384 പേരാണ് ഈ കാലഘട്ടത്തില്‍ കൊല്ലപ്പെട്ടത്. ശത്രുതയുടെ പേരില്‍ 276 പേരും സ്വത്ത് തര്‍ക്കത്തില്‍ 176 പേരും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി 171 പേരും സ്ത്രീധനത്തിന്റെ പേരില്‍ 124 പേരും കൊല്ലപ്പെട്ടു.  

മഹാരാഷ്ട്രയില്‍ പ്രണയം (277), ശത്രുത (193), സ്വത്ത് തര്‍ക്കം (139), സ്ത്രീധനം (101), വ്യക്തിനേട്ടങ്ങള്‍ (71) എന്നിങ്ങനെയാണ്. ഗുജറാത്തില്‍ ഇവയ്‌ക്കൊപ്പം വര്‍ഗീയത പ്രശ്‌നങ്ങളുമുണ്ട്. 18 പേരാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പഞ്ചാബാണ് പ്രണയക്കൊലയില്‍ നാലാം സ്ഥാനത്തുള്ള സംസ്ഥാനം. 

യു.പിയില്‍ ശത്രുതയുടെ പേരിലാണ് കൊലകള്‍ കൂടുതലും. പ്രണയത്തിന് ഇവിടെ രണ്ടാം സ്ഥാനമാണ്. സമുദായ ലഹള ഇവിടെ ഒരു കാരണമാണ്. തമിഴ്‌നാട്, കര്‍ണാടക, ദില്ലി എന്നിവിടങ്ങളിലും കൊലപാതകങ്ങളില്‍ പ്രണയത്തിന് രണ്ടാം സ്ഥാനമാണ്. സ്വത്ത് തര്‍ക്കവും വ്യക്തിനേട്ടങ്ങളും ഇവിടെ മറ്റു കാരണങ്ങളാണ്.

എന്നാല്‍, കേരളത്തിലും പശ്ചിമ ബംഗാളിലും പ്രണയത്തിന്‍റെ പേരില്‍ കൊലകള്‍ അപൂര്‍വ്വമാണ്. ബംഗാളില്‍ സ്ത്രീധനമാണ് പ്രധാന വില്ലന്‍. ശത്രുതയുംവ്യക്തിനേട്ടങ്ങളും സ്വത്ത് തര്‍ക്കവും മറ്റ് കാരണങ്ങളാണ്. കേരളത്തില്‍ ശത്രുതയാണ് പ്രധന വില്ലന്‍. വ്യക്തിനേട്ടങ്ങളും സ്വത്ത് തര്‍ക്കവും രാഷ്ട്രീയ കാരണങ്ങളും മുന്‍പന്തിയിലുണ്ട്. 
 

click me!