കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ കാണാനില്ല, അന്വേഷണത്തിൽ കിട്ടിയത് കൂട് മാത്രം, കോയിൽ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ

By Web TeamFirst Published Sep 2, 2022, 8:02 PM IST
Highlights

 കെഎസ് ഇ ബി യുടെ ട്രാൻസ് ഫോർമർ പൊളിച്ചു കോയിൽ കടത്തിയ കേസിൽ മൂന്നു പേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി

ഇടുക്കി: കെഎസ് ഇ ബി യുടെ ട്രാൻസ് ഫോർമർ പൊളിച്ചു കോയിൽ കടത്തിയ കേസിൽ മൂന്നു പേരെ മുരിക്കാശ്ശേരി പൊലീസ് പിടികൂടി . ഇടുക്കി തോപ്രാംകുടി സ്വദേശികളായ സെബിൻ, സജി, ബിനു എന്നിവരാണ് പിടിയിലായത്.

തോപ്രാംകുടി അമല നഗർ ഭാഗത്ത് കെഎസ്ഇബി സ്ഥാപിച്ചിരുന്ന ട്രാൻസ്ഫോർമറിനുള്ളിലെ കോയിലാണ് മൂന്നംഗ സംഘം കവർന്നത്. സമീപത്തെ മെറ്റൽ ക്രഷറിലേക്ക് വൈദ്യുതി എത്തിക്കാനാണ് ട്രാൻസ്ഫോ‌ർമർ സ്ഥാപിച്ചിരുന്നത്. ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ടിനെ തുടർന്ന് ക്രഷർ വർഷങ്ങൾക്കു മുമ്പ് അടച്ചു പൂട്ടി, എന്നാൽ ട്രാൻസ്ഫോർമാർ മാറ്റിയിരുന്നില്ല. 

അടുത്തയിടെ ഇത് കാണാതായതോടെ പ്രദേശവാസികൾ സംഭവം കെ എസ് ഇ ബി യെ അറിയിച്ചു.  ഇവർ നടത്തിയ പരിശോധനയിൽ ട്രാൻസ്ഫോർമർ നിലത്തിറക്കി പൊളിച്ച് കോയിൽ മോഷ്ടിച്ചതായി കണ്ടെത്തി. തുടർന്ന് മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി.  പോലീസ് അന്വേഷത്തിലാണ് മോഷ്ട്ടാക്കൾ പിടിയിലായത്. ദൈവമ്മേട് പുന്നമറ്റത്തിൽ സെബിൻ, കൊന്നയ്ക്കാമാലി കാരിക്കുന്നേൽ സജി, മറ്റപ്പള്ളിയിൽ ബിനു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

മോഷ്ടിച്ച സാധനങ്ങൾ ഒന്നാംപ്രതിയായ സെബിൻറെ വീട്ടിൽ നിന്നു കസ്റ്റഡിയിൽ എടുത്തു. ട്രാൻസ്ഫോർമർ നിലത്തിറക്കാൻ ഉപയോഗിച്ച കപ്പിയുടെ ഭാഗം സംഭവ സ്ഥലത്തു നിന്നും പൊലീസിന് കിട്ടിയിരുന്നു.  ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച പിക്കപ് വാനും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: വണ്ടിയിലിരുന്നത് ഡിസിപിയെന്ന് അറിഞ്ഞില്ല, 500 രൂപ കൈക്കൂലി ചോദിച്ചു, കോൺസ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി

അതേസമയം, മണ്ണാർക്കാട്ട് വ്യാപക മോഷണം നടന്നതായി റിപ്പോർട്ട്. സ്വർണ്ണവും പണവും മൊബൈലുകളും മോഷണം പോയി.  മണ്ണാർക്കാടിൽ  വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. മണ്ണാർക്കാട് കോടതിപ്പടി കല്ലടി അബ്ബാസ് ഹാജിയുടെ വീട്ടിൽ നിന്നും  നാല്പത്തി അഞ്ച് പവൻ സ്വർണ്ണവും, അൻപതിനായിരം രൂപയുമാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. 

മണ്ണാർക്കാട് മൊബൈൽ ഷോപ്പിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും നഷ്ടമായി. അബ്ബാസ് ഹാജിയും ഭാര്യയും  തൊട്ടടുത്തുള്ള മകന്റെ വീട്ടിലായിരുന്നു  ഇന്ന് പുലർച്ച അബ്ബാസ് വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ എടുക്കാൻ വന്നപ്പോഴാണ് പുറത്തെ വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിലാണ്  അലമാര പൊളിച്ച്  45 പവൻ  സ്വർണ്ണാഭരണങ്ങളും അൻപതിനായിരം രൂപയും മോഷണവും പോയതായി അറിഞ്ഞത്.

click me!