സഹോദരിമാര്‍ക്ക് പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം; യുവതിയുടെ ഗര്‍ഭം അലസി

By Web TeamFirst Published Sep 17, 2019, 9:05 PM IST
Highlights

ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയ കേസിലാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് ദരാംഗ് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. 

ഗുവാഹതി: ഗര്‍ഭിണിയായ മുസ്ലിം യുവതിക്കും സഹോദരിമാര്‍ക്കും പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. വസ്ത്രമഴിച്ചാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് ആരോപിച്ചു. മര്‍ദ്ദനമേറ്റ യുവതിയുടെ ഗര്‍ഭം അലസി. അസമിലെ ദരാംഗ് ജില്ലയിലാണ് സംഭവം. സെപ്റ്റംബര്‍ എട്ടിനാണ് സംഭവം നടന്നത്. യുവതികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

സഹോദരിമാരായ മിനുവാര ബീഗം, സനുവാര ബീഗം, റുമേല എന്നിവര്‍ക്കാണ് പൊലീസ് മര്‍ദ്ദനമേറ്റത്. തട്ടിക്കൊണ്ടുപോകല്‍ കേസുമായാണ് ഇവരെ പൊലീസ് വീട്ടില്‍നിന്ന് കൊണ്ടുപോയത്. ബുര്‍ഹ പൊലീസ് ഔട്ട് പോസ്റ്റിലെ ഇന്‍ചാര്‍ജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്ന് സഹോദരിമാര്‍ ആരോപിച്ചു.

സെപ്റ്റംബര്‍ 10ന് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ല. ഗര്‍ഭിണിയാണെന്നും മര്‍ദ്ദിക്കരുതെന്നും അപേക്ഷിച്ചിട്ടും വടികൊണ്ട് ക്രൂരമായി തല്ലി ചതച്ചെന്ന് ഇവര്‍ ആരോപിച്ചു. അടിവയറ്റില്‍ തല്ലിയതിനാല്‍ ഗര്‍ഭം അലസിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയ കേസിലാണ് യുവതികളെ കസ്റ്റഡിയിലെടുത്തതെന്ന് ദരാംഗ് എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

തട്ടിക്കൊണ്ടുപോകലുമായി സഹോദരിമാര്‍ക്ക് ബന്ധമുണ്ട്. മൂത്ത സഹോദരിയുടെ വീട്ടിലാണ് പെണ്‍കുട്ടിയെ ഒളിപ്പിച്ചതെന്നും എസ്പി പറഞ്ഞു. സംഭവത്തില്‍ അസം സ്റ്റേറ്റ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.  
 

click me!