Latest Videos

അഭയകേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

By Web TeamFirst Published Sep 17, 2019, 12:41 AM IST
Highlights

ജീവനക്കാര്‍ നിരന്തര പീഡനത്തിന് ഇരയായതിനെ തുടർന്ന് അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വര്‍ഷം മുന്പ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്

മുസഫർപൂര്‍: പെണ്‍കുട്ടിയെ നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ജീവനക്കാര്‍ നിരന്തര പീഡനത്തിന് ഇരയായതിനെ തുടർന്ന് അഭയകേന്ദ്രത്തില്‍ നിന്ന് ഒരു വര്‍ഷം മുന്പ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ ബിഹാർ ഡിജിപിക്ക് കത്തയച്ചതായി ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കി.

ബിഹാറിലെ ചംബാരനിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോള്‍ വഴിയില്‍ മറഞ്ഞു നിന്ന സംഘം പെണ്‍കുട്ടിയെ കാറിൽ ബലം പ്രയോഗിച്ച് കയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. അവശയായ പെണ്‍കുട്ടിയെ വീടിന് മുന്നിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. 

കഴിഞ്ഞദിവസം പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേട്ടിയ ടൗണ്‍ പൊലീസ് സ്റ്റേഷൻ നാലു പേർക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ മെഡിക്കൽ പരിശോധന ഫലത്തിനായി കാത്തിരിക്കുയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.

മുസഫർപൂരിലെ അഭയകേന്ദ്രത്തിൽ നിന്ന് രക്ഷിച്ച പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്ന് സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. ഇതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും, സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉടൻ കാണുമെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു. 

14 മാസങ്ങൾക്ക് മുമ്പാണ് മുസഫർനഗറിലെ അഭയ കേന്ദ്രത്തിൽ നിന്ന് കോടതി ഉത്തരവിനെ തുടർന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ചത്. അഭയ കേന്ദ്രത്തിൽ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ഇവിടുത്തെ ജീവനക്കാര്‍ വർഷങ്ങളായി പീഡിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയിരുന്നു. 

പതിമൂന്നാമത്തെ വയസിലാണ് പെണ്‍കുട്ടി അഭയകേന്ദ്രത്തിലെത്തുന്നത്. ഈ ആഭയകേന്ദ്രത്തിലെ 42 പെണ്‍കുട്ടികളിൽ 34 പേർ ബലാത്സംഗത്തിന് ഇരയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നു. 

click me!