
തിരുവനന്തപുരം: വിതുരയിൽ പുരയിടത്തിൽ കാട്ടുപന്നിയ്ക്ക് വച്ച വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് അഞ്ജാതൻ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അജ്ഞാതന്റെ പോസ്റ്റുമോർട്ടം നാളെ നടക്കും.
വിതുര മേമലയിലെ വീടിനോട് ചേർന്ന പുരയിടത്തിൽ രാവിലെ ഒമ്പതരയ്ക്കാണ് മൃതദേഹം കണ്ടത്. നഗ്നമൃതദേഹത്തിലെ വസ്ത്രം തലയിൽ മൂടിയിട്ട നിലയിലായിരുന്നു. അനുമതിയില്ലാതെ വൈദ്യുക്കമ്പി വലിച്ചതിനാണ് വീട്ടുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാട്ടുപന്നിയെ തുരത്താൻ കെട്ടിയ വൈദ്യുതക്കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ലക്ഷ്മി എസ്റ്റേറ്റിനു സമീപം തിരുവനന്തപുരം സ്വദേശി നസീർ മുഹമ്മദിൻ്റെ പുരയിടത്തിൽ കണ്ടെത്തയിയ മൃതദേഹത്തിന് 60 വയസ്സ് തോന്നിക്കും. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുര്യൻ സ്ഥാപിച്ച വൈദ്യുതിക്കമ്പിയിൽ കാൽകുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് പതിനഞ്ചു മീറ്റർ മാറി മീറ്ററിൽ നിന്ന് മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി ശരീരത്തിൽ ചുറ്റി ഷോക്കേറ്റതാകാമെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മന:പൂർവ്വമല്ലാത്ത നരഹത്യ കേസ് ചുമത്തി കേസെടുക്കാനാണ് പൊലീസ് തീരുമാനം. കമിഴ്ന്ന് കിടന്ന മൃതദേഹത്തിൻ്റെ ഇടതുകാൽ മുട്ടിനു താഴെ കണങ്കാലിനു മുകളിലായി കമ്പി കാണപ്പെട്ട സ്ഥലത്ത് പൊള്ളലേറ്റു കരിഞ്ഞ പാടുകളുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam