
പത്തനംതിട്ട: കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല. 60 വയസ്സു പ്രായം തോന്നിക്കുന്ന പുരുഷനാണ് മണ്ണെണ്ണ ഒഴിച്ച് കൊടുമൺ എസ്റ്റേറ്റിന് സമീപത്തെ പുരയിടത്തിൽ മരിച്ചത്. കൊടുമൺ എസ്റ്റേറ്റിന് സമീപം ചക്കിമുക്കിലെ വാലുപറമ്പിൽ ചന്ദ്രബാബുവിന്‍റെ പുരയിടത്തിലായിരുന്നു കത്തിക്കരിച്ച നിലയിൽ 13 ന് രാത്രി മൃതദേഹം കണ്ടത്. സമീപവാസിയായ വിദ്യാർത്ഥിയാണ് തീപടർന്ന നിലയിൽ ഒരാളെ കണ്ടത്. നാട്ടുകാർ ഓടി എത്തി തീയണച്ചപ്പോഴേക്കും മരിച്ചിരുന്നു. മുഖമടക്കം പൂർണമായി കത്തിയിട്ടുണ്ട്.
പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ പൊലീസിന് കാര്യമായ വിവരം ലഭിച്ചില്ല. 60 വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. രവീന്ദ്രൻ എന്നയാളെ കാണാൻ പോവുകയാണെന്ന് വരുന്നവഴിയിൽ വച്ച് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു. ഈ പേരുള്ള ഒന്നിലേറെ ആളുകളുമായി പൊലീസ് ബന്ധപ്പെട്ടെങ്കിലും ആർക്കും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ജില്ലയിൽ അടുത്ത ദിവസങ്ങളിൽ ആളെ കാണാതായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ പുറത്തുനിന്നെത്തിയ വ്യക്തിയാകാമെന്നും പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ലോക്ക്ഡൗൺ സമയത്ത് എങ്ങിനെ ഇത്രയും ദൂരമെത്തി എന്നടക്കമുള്ള കാര്യങ്ങളിലും ദുരൂഹത തുടരുന്നു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അതിനായി ഈ സ്ഥലം എന്തിന് തെരഞ്ഞെടുത്തുവെന്നതിനും ഉത്തരമില്ല. മരിച്ചയാളിൽ നിന്ന് രണ്ടായിരത്തിലധികം രൂപ കണ്ടെത്തിയിരുന്നു. കൊടുമൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam