12 മിനിറ്റോളമാണ് പുലിയുമായി യുവാവ് ഏറ്റുമുട്ടിയത്. പുലിയുടെ വായിൽ പിടികൂടാനായതാണ് യുവാവിനും മകനും രക്ഷയായത്

സോളൻ: പുലർച്ചെ പാൽ വാങ്ങാൻ പോവുന്നതിനിടെ യുവാവിന്റെ മുന്നിൽ ചാടിയത് പുള്ളിപ്പുലി. വെറും കൈ കൊണ്ട് 12 മിനിറ്റ് നീണ്ട പോരാട്ടം പുള്ളിപ്പുലിയെ കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ സർലി ഗ്രാമത്തിലാണ് സംഭവം. മനുഷ്യ മൃഗ സംഘർഷം രൂക്ഷമായ മേഖലകളിലൊന്നിലാണ് യുവാവ് വെറും കൈ കൊണ്ട് പുള്ളിപ്പുലിയുമായി ജീവൻ മരണ പോരാട്ടം നടത്തിയത്. പർവേഷ് ശർമയും മകനും ബാലക് റാമും രാവിലെ പാൽ വാങ്ങാനായി പോകുമ്പോഴാണ് സംഭവം. രാവിലെ ഏഴ് മണിയോടെ പാടത്ത് കൂടി നടന്ന പോയ അച്ഛനും മകനെയുമാണ് ഏഴ് വയസ് പ്രായമുള്ള പുള്ളിപ്പുലി ആക്രമിച്ചത്. എന്നാൽ മനസാന്നിധ്യം കൈവിടാതിരുന്ന പർവേഷ് ശർമ പുലിയെ കൈ കാര്യം ചെയ്യുകയായിരുന്നു. 

12 മിനിറ്റോളമാണ് പുലിയുമായി യുവാവ് ഏറ്റുമുട്ടിയത്. പുലിയുടെ വായിൽ പിടികൂടാനായതാണ് യുവാവിനും മകനും രക്ഷയായത്. വായിൽ പിടികൂടിയതിന് പിന്നാലെ നിർത്താതെ പുലിുടെ കഴുത്തിലും തലയിലും യുവാവ് മർദ്ദിച്ചതോടെയാണ് മൃഗം ചത്തത്. പുലിയുമായുള്ള ഏറ്റുമുട്ടലിൽ യുവാവിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ യുവാവിന് ഏറ്റ പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ രാജ്കുമാർ ശർമ സംഭവ സ്ഥലം സന്ദർശിച്ചു. പരിക്കേറ്റ യുവാവിന് 5000 രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയത്ത് തന്നെ സ്കൂട്ടറിൽ പോയ ഒരാളെ ആക്രമിച്ച ശേഷമാണ് പുള്ളിപ്പുലി യുവാവിനും മകനും നേരെയെത്തിയതെന്നാണ് നാട്ടുകാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. മാർച്ച് ആറ് മുതൽ മേഖലയി പുള്ളിപ്പുലിയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിന് വിവരം നൽകിയിരുന്നു. മേഖലയിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നായിരുന്നു നാട്ടുകാർ ആവശ്യപ്പെട്ടത്. ഇതിനിടയിലാണ് യുവാവ് പുലിയെ കൈകാര്യം ചെയ്തത്. ഇതിന് പിന്നാലെ യുവാവിന് വലിയ രീതിയിലുള്ള പ്രശംസയാണ് മേഖലയിൽ നിന്നുള്ളവരിൽ നിന്ന് ലഭിക്കുന്നത്.

 ആർകിയിലെ ഐടിഐ വിദ്യാർത്ഥി കൂടിയാണ് യുവാവ്. സ്വാഭാവിക ആവാസ സ്ഥങ്ങൾ നഷ്ടമാവുന്നതാണ് വന്യ ജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നതിന് പിന്നിലെന്നാണ് വനംവകുപ്പ് അധികൃതർ വിശദമാക്കുന്നത്. വന്യ ജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് പതിവായി മേഖലയിൽ വനംവകുപ്പ് പരിശീലനം നൽകിയിരുന്നു. സാധാരണ നിലയിൽ വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് പുലി വേട്ടയ്ക്കിറങ്ങുന്നത്. എന്നാൽ പുലർച്ചെ നടന്ന ആക്രമണം പുലി പട്ടിണിയായിരുന്നുവെന്ന സൂചനകളാണ് നൽകുന്നതെന്നാണ് വനംവകുപ്പ് നൽകുന്നത്. അടുത്ത വർഷങ്ങളിൽ ഹിമാചൽ പ്രദേശിൽ മനുഷ്യ മൃഗ സംഘർഷങ്ങളിൽ വലിയ രീതിയിലുള്ള വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഡിസംബറിൽ മാത്രം ഒരാൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തിടെ നടന്ന സെൻസസിൽ സംസ്ഥാനത്ത് 529 കരടികളും 510 പുള്ളിപ്പുലികളും ഉള്ളതായി വ്യക്തമായിരുന്നു. ഇതിന് മുൻപ് നടന്ന സെൻസസിൽ ഇത് 307 കരടികളും 333 പുള്ളിപ്പുലികളും ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം