
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിൻറെ മരണത്തിലെ ദുരൂഹതയേറുന്നു. അപകടത്തിന് മുമ്പ് ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. എന്നാൽ ഇക്കാര്യം കടയുടമ നിഷേധിച്ചു. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി.
ബാലഭാസ്ക്കറിൻറെ മരണത്തിലെ ദുരൂഹത കൂട്ടുന്ന കൂടുതൽ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ബാലഭാസ്ക്കറും കുടുംബവും കൊല്ലം പള്ളിമുക്കിലെ കടയിൽ നിന്നും ജ്യൂസ് കഴിച്ചിരുന്നു. ഇതിന് ശേഷം ബാലഭാസ്ക്കർ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവർ അർജുൻറെ മൊഴി. എന്നാൽ അർജുൻ തന്നെയാണ് വണ്ടിയെടിച്ചതെന്ന നിലപാടിൽ ബാലഭാസ്ക്കറിൻറെ ഭാര്യ ലക്ഷ്മി ഉറച്ചുനിൽക്കുന്നു.
അന്വേഷണത്തിൽ നിർണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങൾ ബാലഭാസ്ക്കറിൻറെ മരണത്തിന് ശേഷം താൻ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു. ഹാർഡ് ഡിസ്ക്ക് അടക്കം കട ഉടമ ഷംനാദിൻറെ സുഹൃത്തിൻറെ സഹായത്തോടെ കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നാണ് തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് പക്ഷെ മാധ്യമങ്ങൾക്ക് മുന്നില്‍ നിലപാട് മാറ്റി.
എന്നാല്‍ പൊലീസിന് ബദലായി പ്രകാശ് തമ്പി സമാന്തര അന്വേഷണം നടത്തിയതായി ബാലഭാസ്ക്കറിൻറെ സുഹൃത്ത് സുഹാസ് സ്ഥിരീകരിച്ചു. അർജുൻറെ മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ഹാർഡ് ഡിസ്ക് കൊണ്ട് പോയതെന്നാണ് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. തമ്പിയെ കൂടുതൽ ചോദ്യം ചെയ്യാനായി വിളിച്ചിരിക്കെയാണ് സ്വർണ കടത്തു കേസിൽ ഒളിവിൽ പോകുന്നതും പിന്നീട് ഡിആർഐയുടെ പിടിലിയാകുന്നതും. സ്വർണ കടത്തിൽ കക്കനാട് ജയിൽ കഴിയുന്ന പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. നാളെ ജയിലിൽ വച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷണൻ പ്രകാശിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ജ്യൂസ് കടയിലെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേ സമയം അപകടം ഉണ്ടാകുമ്പോൾ വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന ഡ്രൈവർ അർജുൻറെ മൊഴി തള്ളുന്നതാണ് ക്രൈം ബ്രാഞ്ചിനറെ പ്രാഥമിക നിഗമനം.അപകടത്തിൽ അർജുന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ആൾക്ക് അപകടത്തിൽ സംഭവിക്കാവുന്ന രീതിയിലുള്ള പരിക്കുകളാണിതെന്നാണ് നിഗമനം. എന്നാൽ വണ്ടിയോടിച്ചത് ആരെന്ന് ഉറപ്പിക്കാൻ ഫോറൻസിക് പരിശോധനാഫലം കൂടി വരണം.
അതിനിടെ സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിച്ചാണ് അർജുൻ അസമിലേക്ക് കടന്നുവെന്ന വിവരം കിട്ടുന്നത്. ക്രൈം ബ്രാഞ്ച് മൊഴിയെടുക്കാനിരിക്കെയാണ് അർജുൻറെ യാത്ര. തൃശൂരിൽ നിന്നുള്ള ബാലഭാസ്ക്കറിൻറെയും കുടുംബത്തിൻറെ യാത്ര അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ 24ന് രാത്രി 11.30 യാണ് ബാലഭാസ്ക്കറും കുടുബംവും തൃശൂരിൽ നിന്നും യാത്ര പുറപ്പെടുന്നത്. 12.08ന് ചാലക്കുടിയിലെ മോട്ടോർ വാഹനവകുപ്പിൻറെ ക്യാമറ ദൃശ്യങ്ങളിൽ വാഹനം അമിതവേഗത്തിലാണെന്ന് തെളിഞ്ഞു. 3.30 നാണ് പള്ളിപ്പുറത്ത് വച്ച് കാര്‍ അപകടത്തിൽ പെടുന്നത്.
ബാലഭാസ്കറിന്‍റെ സാമ്പത്തിക വിശദീകരണത്തിനായി ആദായനികുതി വകുപ്പിനും ബാങ്കുകള്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അപകടമുണ്ടാകുമ്പോള്‍ തമ്പിയുടെ വീട്ടിലായിരുന്നു രവീന്ദ്രൻറെ മകൻ ജിഷ്ണു താസമിച്ചിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് തെളിവെടുത്ത ക്രൈബ്രാഞ്ചിന് ജിഷ്ണുവിൻ മൊഴിയെടുക്കാനായില്ല. ജിഷ്ണു കൈലാസ് യാത്രയിലാണെന്ന് ബന്ധുക്കള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്, ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. പാലക്കാട് പൂന്തോട്ടത്തുള്ള ബാലഭാസ്ക്കറിൻറെ സുഹത്ത് ഡോ.രവീന്ദ്രൻറെ കുടുംബവുമായും സ്വർണ കടത്ത് കേസിലെ പ്രതികളായ പ്രകാശ്, വിഷ്ണു എന്നിവരുമായുള്ള സാമ്പത്തിക ഇടപാടും ക്രൈം ബ്രാഞ്ച് പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam