നെയ്യാറ്റിൻകര ആത്മഹത്യ: പ്രതികൾക്ക് കൂടുതൽ കുരുക്ക്, മന്ത്രവാദിയുടെ പങ്കും അന്വേഷിക്കും

By Web TeamFirst Published May 16, 2019, 7:48 AM IST
Highlights

നെയ്യാറ്റിൻകരയിൽ അമ്മയും മകളും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമല്ല, കൂടുതൽ വകുപ്പുകൾ ചുമത്താനാണ് തീരുമാനം. 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികൾക്ക് മേൽ കുരുക്ക് മുറുകുന്നു. ഭർത്താവായ ചന്ദ്രൻ, ഭർതൃമാതാവ് കൃഷ്ണമ്മ, ബന്ധുക്കളായ ശാന്ത, കാശി എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു. ആത്മഹത്യയിൽ മന്ത്രവാദിക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഇന്നലെ ഭർത്താവ് ചന്ദ്രൻ അടക്കം നാലുപേരെയും കോടതി റിമാൻഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി ഇവരെ റിമാൻഡ് ചെയ്തത്. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്ന് കാണിച്ചാകും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. 

അതിനിടെ കേസിൽ കാനറ ബാങ്ക് ചീഫ് മാനേജർ അടക്കം നാലുപേർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ചീഫ് മാനേജർ ശശികല, മാനേജർമാരായ വർഷ, ശ്രീക്കുട്ടൻ, ബാങ്ക് ഓഫീസർ രാജശേഖരൻ എന്നിവരാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.  

മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആൽത്തറയിൽ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു. 

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

click me!