
കോട്ടയം : തുടർച്ചയായി ലഹരി വിൽപന കേസുകളിൽ പ്രതിയായ യുവാവിനെ രണ്ട് വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി പൊലീസ്. കോട്ടയം സ്വദേശിയായ ബാദുഷയെന്ന യുവാവിനെയാണ് പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. ഈ നിയമം അനുസരിച്ച് സംസ്ഥാനത്ത് രണ്ടാമത്തെ ആളെയാണ് കരുതൽ തടങ്കലിലേക്ക് മാറ്റുന്നത്.
ഇതോടകം രണ്ട് മയക്കുമരുന്ന് കേസുകളിൽ ബാദുഷ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റ് അഞ്ച് കേസുകളിൽ വിചാരണ നടപടികൾ തുടരുകയാണ്. ഓരോ കേസിലും ജാമ്യത്തിലിറങ്ങിയ ശേഷം പിന്നെയും മയക്കുമരുന്ന് കച്ചവടം തുടരും. നിരന്തരം മയക്കുമരുന്ന് കേസുകളിൽപെട്ടതോടെയാണ് പ്രിവൻഷൻ ഓഫ് ഇല്ല്സിറ്റ് ട്രാഫിക്കിംഗ് ഓഫ് നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് പ്രകാരം ബാദുഷയെ രണ്ടു വർഷത്തെ കരുതൽ തടങ്കലിലേക്ക് മാറ്റാൻ പൊലീസ് തീരുമാനിച്ചത്.
സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതി ശക്തമായി നടപ്പാക്കാൻ തീരുമാനിച്ച ശേഷം പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാകുന്ന രണ്ടാമത്തെ കുറ്റവാളിയാണ് ബാദുഷയെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ബാദുഷയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.