
കോട്ടയം: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനം. ഗുരുതരമായ ആന്തരിക മുറിവുകൾ രാജ്‍കുമാറിന്‍റെ ശരീരത്തിലുണ്ടായിരുന്നെന്നും, ഇതിന് കാരണം ക്രൂരമായ മർദ്ദനമായിരുന്നെന്നും തെളിയിക്കുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
രാജ്‍കുമാറിന്‍റെ ശരീരത്തിൽ ഗുരുതരമായ ആന്തരിക മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകളുണ്ടാകാൻ കാരണം മൃഗീയമായി മർദ്ദനമേറ്റതാണ്. രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും കാണാം. മരണകാരണം ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പറയുന്നു.
രാജ്‍കുമാറിന്‍റെ മൂത്രസഞ്ചി കാലിയായിരുന്നുവെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ട്. മൂത്രസഞ്ചി വരണ്ടിരുന്നതിനാൽ നിർജലീകരണം സംഭവിച്ചിരിക്കാനുള്ള സാധ്യതയുമുണ്ട്. ദാഹിച്ചു വരണ്ട് നിലവിളിച്ചപ്പോൾ പൊലീസ് ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ലെന്ന് നേരത്തേ രാജ്‍കുമാറിന്‍റെ സഹ തടവുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇത് ശരി വയ്ക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
രാജ്‍കുമാറിന്‍റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാർ തല്ലിയതാണെങ്കിൽ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു. എന്നാൽ അരയ്ക്ക് താഴെ കാൽവെള്ളയിലും തുടയിലുമാണ് രാജ്‍കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്‍കുമാറിന് മർദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
മാത്രമല്ല, ആന്തരിക മുറിവുകളേറ്റ രാജ്‍കുമാറിന് കൃത്യമായ ചികിത്സയും പൊലീസുകാർ നൽകിയില്ല എന്ന് നേരത്തേ വ്യക്തമായിരുന്നു. അർധരാത്രിയോടെ അവശനിലയിലായ രാജ്‍കുമാറിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒപിയില്ലാത്തതിനാൽ തിരിച്ചുപോയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മാത്രമല്ല, തെളിവുകൾ നശിപ്പിക്കാനായി സ്റ്റേഷൻ രേഖകളും സിസിടിവി ദൃശ്യങ്ങളും മായ്ച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്‍ധർ തയ്യാറാക്കിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലാണ് രാജ്‍കുമാറിന്‍റെ മരണകാരണമടക്കമുള്ള കണ്ടെത്തലുകളുള്ളത്. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച റിപ്പോർട്ടിന്‍റെ പകർപ്പ് താഴെ:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam