ചെന്നൈയിലെ 'നീറ്റ്' ആൾമാറാട്ടം: അറസ്റ്റിലായവരിൽ മലയാളി വിദ്യാർത്ഥിയും അച്ഛനും

Published : Sep 29, 2019, 01:40 PM IST
ചെന്നൈയിലെ 'നീറ്റ്' ആൾമാറാട്ടം: അറസ്റ്റിലായവരിൽ മലയാളി വിദ്യാർത്ഥിയും അച്ഛനും

Synopsis

കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ തൃശ്ശൂർ സ്വദേശിയായ രാഹുലാണ്. എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. 

ചെന്നൈ: തമിഴ്‍നാട്ടിലെ നീറ്റ് പ്രവേശന പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായവരില്‍ മലയാളി വിദ്യാര്‍ത്ഥിയും. ആള്‍മാറാട്ടത്തിന് ഇടനിലക്കാരനും മലയാളിയുമായ ജോർജ് ജോസഫിന് ഇരുപത് ലക്ഷം രൂപ നല്‍കിയെന്ന് തൃശ്ശൂര്‍ സ്വദേശി രാഹുല്‍ പൊലീസിന് മാെഴി നല്‍കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാൾമാർക്കും സിബിസിഐഡി നോട്ടീസ് നൽകിയിട്ടുണ്ട്. 

തമിഴ്‍നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ മലയാളി വിദ്യാര്‍ത്ഥികളിലേക്കും അന്വേഷണം നീളുകയാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളിലൊരാള്‍ തൃശ്ശൂർ സ്വദേശിയായ രാഹുലാണ്. എസ്ആര്‍എം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് രാഹുല്‍. പകരക്കാരനെ വച്ച് പ്രവേശന പരീക്ഷ എഴുതാന്‍ ഇരുപത് ലക്ഷം രൂപ ഇടനിലക്കാരന്‍ ജോര്‍ജ് ജോസഫിന്, പിതാവ് ഡേവിസ് കൈമാറിയതായി രാഹുല്‍ മാെഴി നല്‍കി.

എസ്ആർഎം മെഡിക്കൽ കോളേജ്, ശ്രീബാലാജി മെഡിക്കൽ കോളേജ്, സത്യ സായി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് ഇന്നലെ സിബിസിഐഡി അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്നാണ് ഇവരുടെ രേഖകൾ പരിശോധിച്ചതെന്ന് സിബിസിഐഡി വ്യക്തമാക്കി.

ശ്രീബാലാജി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവീൺ, അച്ഛൻ ശരവണൻ, എസ്ആർഎം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി രാഹുൽ, അച്ഛൻ ഡേവിസ്, സത്യസായി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനി അഭിരാമി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അഭിരാമിയുടെ അച്ഛൻ ദീർഘകാലമായി അസുഖബാധിതനാണ്. അതിനാൽ അറസ്റ്റ് നടപടിയിലേക്ക് കടന്നില്ലെന്നും സിബിസിഐഡി വ്യക്തമാക്കുന്നു.

ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ജോര്‍ജ് ജോസഫ് മുംബൈയിലെ മുഖ്യസൂത്രധാരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ബെംഗളുരുവിലെ ഇടനിലക്കാരന്‍ റാഫി, ലക്നൗ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഷാഫി എന്നിവരെയും സിബിസിഐഡി ചോദ്യം ചെയ്ത് വരികയാണ്.

കോയമ്പത്തൂര്‍, ധര്‍മ്മപുരി,തേനി മെഡിക്കല്‍ കോളേജുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാന്‍ സഹായം നല്‍കിയ ഇടനിലക്കാരന്‍ റഷീദിനായി തിരച്ചില്‍ തുടരുന്നു. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതിയവര്‍ ലക്നൗ,ബംഗ്ലൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളാണ് പരീക്ഷ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്. നീറ്റ് യോഗ്യത നേടിയവരുടെ വിവരങ്ങള്‍ പരിശോധിച്ച് പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സിബിസിഐഡി കത്ത് നല്‍കി.

അതേസമയം വിദ്യാര്‍ത്ഥികളുടെ ആള്‍മാറാട്ടം സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയ തേനി മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.രാജേന്ദ്രന്‍ ഫോണിലൂടെ വധഭീഷണി ലഭിച്ചതായി പരാതി നല്‍കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്