
ഇടുക്കി: ചിന്നക്കനാലിന് സമീപം സിങ്കുകണ്ടത്ത് അയൽവാസി തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ താമസക്കാരിയായ സിങ്കുകണ്ടം സ്വദേശി ലിസിയാണ് ശാന്തൻപോറ പൊലീസിൽ പരാതി നൽകിയത്. സിങ്കുകണ്ടത്തുള്ള കൂനംമാക്കൽ വർക്കി എന്ന് വിളിക്കുന്ന വർഗീസാണ് ഭീഷണിപ്പെടുത്തിയത്. ലിസിയും സഹോദരിയുടെ മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വര്‍ഗീസും ലിസിയും തമ്മില്‍ സ്ഥല സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. വര്‍ഗീസ്, തോക്കുമായി വീട്ടിലെത്തി സ്ഥലം അയാളുടെതാണെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടതായി ലിസി പറഞ്ഞു.
ഒടുവില്‍, സഹോദരന്‍റെ മകന്‍റെ സഹായത്തോടെ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വർഗീസിന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യഥാർത്ഥ തോക്കല്ല തന്‍റെ പക്കലുണ്ടായിരുന്നതെന്നാണ് വർഗീസ് പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം സംബന്ധിച്ച് ശാന്തൻപാറ പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതല്‍ വായനയ്ക്ക്: 'എന്‍റെ ഭൂമി' പദ്ധതിക്ക് തുടക്കമായി; ഭൂ രേഖകള്‍ ഇനി ഡിജിറ്റല്‍
പൊലീസിനെതിരെ പരാതി പറയാന്‍, ഷേവിങ് കത്തിയുമായി കോടതിയിലെത്തി യുവാവ്
കോട്ടയം: കഴിഞ്ഞ ദിവസം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെത്തിയ ആള്‍ ഷേവിങ് കത്തിയുയര്‍ത്തി പരിഭ്രാന്തി സൃഷ്ടിച്ചു. ഒരു പരാതി പറയാനുണ്ടെന്ന് വിളിച്ച് പറഞ്ഞായിരുന്നു ഇയാള്‍ കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയത്. മജിസ്ട്രേട്ട് ജി.പത്മകുമാർ കോടതിയിൽ എത്തിയ ശേഷമാണ് സംഭവം. മജിസ്ട്രേട്ട് കോടതിയിലെത്തിയതിന് പിന്നാലെ ഷേവിങ് കത്തിയുയര്‍ത്തി തോടനാൽ ഓലിക്കൽ സാജൻ (45) കോടതി മുറിയിലേക്ക് ഒടിക്കയറി പ്രതിക്കൂട്ടില്‍ കയറുകയായിരുന്നു. ഇയാളെ പിടിച്ച് മാറ്റാനും കത്തി വാങ്ങാനുമായി പൊലീസുകാര്‍ ശ്രമിച്ചങ്കിലും കഴുത്ത് മുറിക്കുമെന്ന് സാജന്‍ ഭീഷണി മുഴക്കിയതോടെ പൊലീസുകാര്‍ പിന്‍വാങ്ങി.
മുമ്പ് നിരവധി കേസുകളില്‍ പ്രതിയായിരുന്നെങ്കിലും ഇപ്പോള്‍ മാന്യമായാണ് ജീവിക്കുന്ന്. എന്നാല്‍, ഇപ്പോഴും പൊലീസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു സാജന്‍റെ പരാതി. സിഐക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ പൊലീസ് തന്നെ കഞ്ചാവ് കേസില്‍ കുടുക്കി. തന്‍റെ പോക്കറ്റിലേക്ക് ബലം പ്രയോഗിച്ച് കഞ്ചാവ് ഇട്ടശേഷം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു എന്ന് സാജന്‍ പറഞ്ഞു. ഉപജീവനത്തിനായി ഓട്ടോ ഓടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. എന്നാല്‍, ഓട്ടോ പൊലീസ് പിടിച്ചെടുത്തു. ഇതോടെ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലാതായി, സാജന്‍ പരാതിപ്പെട്ടു. ഒടുവില്‍ കോടതി കേസ് പരിഗണിക്കാമെന്നും നടപടി സ്വീകരിക്കാമെന്നും പറഞ്ഞ ശേഷമാണ് സാജന്‍ പ്രതിക്കൂട്ടില്‍ നിന്നും ഇറങ്ങിയത്.