അഞ്ച് മാസം; വയനാട് അതിര്‍ത്തിവഴി കേരളത്തില്‍ എത്തിയത് ഒരു കോടിയിലധികം രൂപയുടെ ന്യൂജെന്‍ മയക്കുമരുന്ന്

Published : Jun 03, 2022, 11:23 AM ISTUpdated : Jun 03, 2022, 11:26 AM IST
അഞ്ച് മാസം; വയനാട് അതിര്‍ത്തിവഴി കേരളത്തില്‍ എത്തിയത് ഒരു കോടിയിലധികം രൂപയുടെ ന്യൂജെന്‍ മയക്കുമരുന്ന്

Synopsis

അഞ്ച് മാസം പിന്നിടുമ്പോഴേക്കും വയനാട് അതിര്‍ത്തിയില്‍ എക്സൈസ് വകുപ്പ് മാത്രം പിടികൂടിയ ന്യൂജെന്‍ ലഹരി പദാര്‍ത്ഥങ്ങള്‍ 1.5 കോടി രൂപയിലധികം വിലമതിക്കുന്നതാണ്. പോലീസ് പിടികൂടിയതിന്‍റെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ തുക കുത്തനെ ഉയരും.   


കല്‍പ്പറ്റ: കഞ്ചാവായിരുന്നു അടുത്തകാലം വരെ കേരളത്തിലെ കൂടിയ ലഹരി വസ്തു. ഇടയ്ക്കെല്ലാം വന്‍കിടക്കാരില്‍ നിന്ന് പിടിക്കുന്ന കൊക്കെയിന്‍റെയും ചരസ്സിന്‍റെയും കഥ കേട്ടാലായി. എന്നാല്‍ ഇന്ന് ഇതൊക്കെ പഴങ്കഥ. കാലം മാറിയപ്പോള്‍ കഞ്ചാവും കള്ളുമൊക്കെ പുറത്തായെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ കടന്നെത്തുന്ന ന്യൂജെന്‍ മയക്കുമരുന്നുകള്‍. 

പുതിയ ലഹരികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ ഇതുവരെ കേള്‍ക്കാത്ത പേരിലും രൂപത്തിലുമൊക്കെയാണ് സിന്തറ്റിക് ലഹരി (സിന്തറ്റിക് ഡ്രഗ്) വയനാട് അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിന്‍റെ വിദൂരമായ ഗ്രാമങ്ങളിലേക്ക് പോലും എത്തുന്നത്. ഈ വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോഴേക്കും വയനാട് അതിര്‍ത്തിയില്‍ എക്സൈസ് വകുപ്പ് മാത്രം പിടികൂടിയ ന്യൂജെന്‍ ലഹരി പദാര്‍ത്ഥങ്ങള്‍ 1.5 കോടി രൂപയിലധികം വിലമതിക്കുന്നതാണ്. പോലീസ് പിടികൂടിയതിന്‍റെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ തുക കുത്തനെ ഉയരും. 

അതിര്‍ത്തി വഴിയുള്ള ലഹരി കടത്തുമായി ബന്ധപ്പെട്ട് സമീപകാലത്തായി യുവാക്കളാണ് കൂടുതലും അറസ്റ്റിലായിട്ടുള്ളത്. ഇവരെല്ലാം തന്നെ എം.ഡി.എം.എ, എല്‍.എസ്.ഡി തുടങ്ങിയ മാരക ലഹരി വസ്തുക്കള്‍ കടത്തുന്നതിനിടെയാണ് അറസ്റ്റിലായത്. മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രം ഉപയോഗത്തിലുണ്ടായിരുന്ന രാസലഹരി വില്‍പ്പനയും ഉപഭോഗവും അടുത്തകാലത്തായി കേരളത്തിലും വര്‍ദ്ധിച്ചതായി എക്‌സൈസ് വകുപ്പെടുക്കുന്ന കേസുകളുടെ എണ്ണം നോക്കിയാല്‍ വ്യക്തമാകും. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗവും വില്‍പ്പനയും ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും വ്യാപകമായി.

ചെറിയ അളവിലുള്ള ഉപയോഗം പോലും വലിയ ലഹരി നല്‍കുന്ന ഇത്തരം രാസലഹരി വസ്തുക്കള്‍ കടത്തികൊണ്ട് വരാനും ഒളിപ്പിക്കാനും എളുപ്പമാണെന്ന പ്രത്യേകതയും ഉണ്ട്. ഒരു തവണ ഉപയോഗിച്ചാല്‍ മണിക്കൂറുകളോളം ലഹരി നിലനില്‍ക്കുന്നതിനാലും ഇത്തരം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പെട്ടെന്ന് മനസിലാക്കാന്‍ കഴിയാത്തതിനാലും ഇത്തരം ലഹരികളുടെ ഉപഭോഗവും വില്‍പ്പനയും വര്‍ദ്ധിക്കാന്‍ കാരണമായി. 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രഫഷണല്‍ ജോലി ചെയ്യുന്നവര്‍ വരെ രാസലഹരികള്‍ ഉപയോഗിക്കുന്നതായി എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഉപയോഗിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും ഉപഭോക്താവിന് സൗകര്യമാണ്. കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റ് ആയ മൂലഹള്ള വഴിയാണ് വയനാട്ടിലേക്ക് പ്രധാനമായും ന്യൂജന്‍ ലഹരി വസ്തുക്കളെത്തുന്നത്. എത്ര തവണ പിടിച്ചാലും കേസ് നടത്താനും ലഹരി സംഘങ്ങള്‍ക്ക് സംരക്ഷണമൊരുക്കാനും വലിയ സംഘം തന്നെ പിന്നിലുണ്ട്. 

ഇത്തരം ലഹരികള്‍ സംസ്ഥാനത്തേക്ക് കടത്താന്‍ വലിയ തുക പ്രതിഫലമായി ലഭിക്കുമെന്നതിനാല്‍ പല യുവാക്കളും ലഹരിക്കടത്തിലേക്ക് തിരിയുന്നു.. ഇത്തരം ലഹരി വസ്തുക്കളുമായി പിടിലാകുന്നവരില്‍ 90 ശതമാനം പേരും 30 വയസ്സില്‍ താഴെയുള്ളവരാണെന്ന് അധികൃതരും പറയുന്നു. കെ.എസ്.ആര്‍.ടി.സി. ബസ് മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ ലഹരികടത്തിനായി ഉപയോഗിക്കപ്പെടുന്നു. വലിയ അളവില്‍ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന ഇത്തരം രാസലഹരികള്‍ അവിടെ നിന്നും അധികൃതരുടെ കണ്ണില്‍പ്പെടാതെ മറ്റുസ്ഥലങ്ങളില്‍ എത്തിക്കാന്‍ പ്രത്യേകം വൈദഗ്ദ്ധ്യമുള്ള യുവാക്കള്‍ രംഗത്തുണ്ട്. പോലീസും എക്‌സൈസും പിടിക്കുന്തോറും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ ലഹരിക്കടത്ത് നിര്‍ബാധം തുടരുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം