
കോയമ്പത്തൂർ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കോയമ്പത്തൂരിൽ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. സ്ഫോടനം ആസൂത്രണം ചെയ്തവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവർക്ക് വേണ്ടിയാണ് പരിശോധന. ഇന്ന് പുലർച്ചെ മുതലാണ് എൻഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളിൽ റെയ്ഡ് നടത്തുന്നത്.
തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ പിടികൂടാൻ വേണ്ടി ഒന്നര മാസം മുമ്പും കോയമ്പത്തൂരിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടർ പരിശോധനയെന്നാണ് എൻഐഎ സംഘം വിശദീകരിക്കുന്നത്. ശ്രീലങ്കയിലെ സ്ഫോടനത്തിന് ദിവസങ്ങൾക്ക് മുമ്പ് അതിൽ ഉൾപ്പെട്ടിരുന്ന ഒരാൾ കോയമ്പത്തൂരിൽ എത്തിയിരുന്നെന്ന് എൻഐഎ സംഘം വിശദീകരിച്ചിരുന്നു. റെയ്‍ഡിൽ നിലവിൽ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്.
അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നെന്ന് സംശയിക്കുന്നയാൾക്കെതിരെ എൻഐഎ കേസെടുത്തു. കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെയാണ് കേസെടുത്തത്. ഇയാൾ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയിൽ സ്ഫോടന പരമ്പരകൾ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എൻഐഎ സംശയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam