'മിസോറാമില്‍ മാത്രമുള്ള അപൂര്‍വ്വ മരുന്ന്, ലണ്ടന്‍ കമ്പനി'; തട്ടിപ്പ് സംഘം ദില്ലിയില്‍ പിടിയില്‍

By Web TeamFirst Published Oct 16, 2020, 2:07 PM IST
Highlights

കാസോ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന സ്ഥാപനത്തിന് മിസോറാമിലെ കര്‍ഷകരില്‍ നിന്ന് ചെടി വാങ്ങാന്‍ അനുമതിയില്ലെന്നും അതിനാലാണ് സബ് കോണ്‍ട്രാക്റ്റ് നല്‍കുന്നതെന്നുമായിരുന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 
 

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് വേണ്ടി ആയുര്‍വേദ മരുന്നുകള്‍ നല്‍കണമെന്ന നിലയില്‍ തട്ടിപ്പ് നടത്തിയ സംഘത്തെ ദില്ലി പൊലീസ് പിടികൂടി. യുകെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് വേണ്ടി മിസോറാമില്‍ മാത്രം കാണുന്ന മരുന്ന് ചെടി വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വന്‍തുകയുടെ തട്ടിപ്പ്. കാസോ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന സ്ഥാപനത്തിന് മിസോറാമിലെ കര്‍ഷകരില്‍ നിന്ന് ചെടി വാങ്ങാന്‍ അനുമതിയില്ലെന്നും അതിനാലാണ് സബ് കോണ്‍ട്രാക്റ്റ് നല്‍കുന്നതെന്നുമായിരുന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 

കര്‍ഷകരുമായി ബന്ധപ്പെടാനുള്ള അഡ്രസും ഫോണ്‍ നമ്പറുമടക്കം സംഘം നല്‍കും. കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതിന്‍റെ അഞ്ഞൂറ് ഇരട്ടി തുകയ്ക്ക് കമ്പനിക്ക് മരുന്ന് ചെടി വില്‍ക്കാമെന്നതായിരുന്നു തട്ടിപ്പിന്‍റെ ഹൈലൈറ്റ്. ഈ ചെടി കയറ്റുമതി ചെയ്ത് വന്‍ലാഭമുണ്ടാക്കാമെന്ന ലക്ഷ്യമിടുന്ന ആളുകളോട് സാംപിളുകള്‍ നല്‍കാന്‍ ലക്ഷങ്ങളാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ലക്ഷങ്ങള്‍ നല്‍കിയിട്ടും സാംപിള് ലഭിക്കാതെ വന്ന നിക്ഷേപകന് തോന്നിയ സംശയമാണ് നൈജീരിയ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വന്‍ സംഘത്തിലേക്കുള്ള സൂചന ദില്ലി പൊലീസിന് നല്‍കിയത്. 

ദില്ലി സ്വദേശിയായ യുവാവ് 3.6 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കര്‍ഷകന് അഡ്വാന്‍സായി നല്‍കിയത്. ഇയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. 2013ല്‍ ഇന്ത്യയിലെത്തിയ കോളിന്‍സ് എന്ന നൈജീരിയക്കാരനും മറ്റ് രണ്ടുപേരുമാണ് പിടിയിലായത്. ദില്ലി സ്വദേശിയായ മായാങ്ക് ശര്‍മ്മയും ഗാസിയാബാദ് സ്വദേശിയായ അബ്റാര്‍ അഹമ്മദ് അന്‍സാരിയും സംഭവത്തില്‍ ദില്ലി പൊലീസിന്‍റെ പിടിയിലായി. 2016ല്‍ വിസ കാലാവധി കഴിഞ്ഞ കൊളിന്‍സ് അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നവെന്നാണ് കണ്ടെത്തലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു തട്ടിപ്പ്. പന്ത്രണ്ടോളം പേരില്‍ നിന്നായി ഒന്നര കോടി രൂപയ്ക്ക് അധികമാണ് ഇവര്‍ തട്ടിയെടുത്തിട്ടുള്ളത്. ഗുജറാത്ത് സ്വദേശിയില്‍ നിന്ന് മാത്രം 92 ലക്ഷമാണ് ഇത്തരത്തില്‍ തട്ടിയിട്ടുള്ളതെന്നാണ് കൊളിന്‍സ് പൊലീസിനോട് വ്യക്തമാക്കിയത്. 

click me!