അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പില്ലാത്തതിനാല്‍ പെറ്റി നോട്ടീസുകള്‍ എത്തിച്ചത് പൊലീസ് ജീപ്പില്‍; വാര്‍ത്തയ്ക്ക് പിന്നാലെ നിര്‍ത്തിവച്ച് ഉത്തരവ്

By Web TeamFirst Published Mar 29, 2019, 12:48 AM IST
Highlights

തലസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ തപാൽ സ്റ്റാന്പില്ല, ഇതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള നോട്ടീസുകൾ നേരിട്ട് വീടുകളിലെത്തിക്കാൻ പോലീസ് വാഹനങ്ങൾ തലങ്ങുവിലങ്ങും പായുകയാണ്.

തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ തപാൽ സ്റ്റാന്പില്ല, ഇതോടെ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള നോട്ടീസുകൾ നേരിട്ട് വീടുകളിലെത്തിക്കാൻ പോലീസ് വാഹനങ്ങൾ തലങ്ങുവിലങ്ങും പായുകയാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ക്യാമറകളിൽ പതിഞ്ഞാൽ വാഹന ഉടമകള്‍ക്ക് പിഴയടയ്ക്കാൻ തപാൽ വഴി നോട്ടീസയക്കും.

എന്നാൽ കഴി‌‌ഞ്ഞ ഒരാഴ്ചയായി ഇത് മുടങ്ങി. എല്ലാമാസവും പൊലീസ് ആസ്ഥാനത്തുനിന്ന് എത്തുന്ന സ്റ്റാമ്പ് ഇത്തവണ എത്താത്തതാണ് കാരണം. നോട്ടീസുകൾ കുന്നുകൂടിയതോടെ നേരിട്ട് വീടുകളിൽ നോട്ടീസ് എത്തിക്കാൻ പൊലീസുകാരെ രംഗത്ത് ഇറക്കിയിരിക്കുകയാണ് സിറ്റി പൊലീസ് കമ്മീഷണർ. അഞ്ച് രൂപയുടെ സ്റ്റാമ്പ് ഇല്ലാത്തതിന്‍റെ പേരിലാണ് പൊലീസ് ജീപ്പിൽ നേരിട്ട് പോയി ഓരോ പെറ്റി നോട്ടീസും നൽകുന്നത്. 

ഇതിനായി കൺട്രോൾ റൂമിലെ എട്ട് വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിലെ അധിക ചിലവിനേക്കുറിച്ച് ചേദിച്ചപ്പോൾ നോട്ടീസ് കൊടുത്തേപറ്റൂ എന്നാണ് പ്രതികരണം. സ്റ്റാമ്പ് അനുവദിക്കാത്തതിനേക്കുറിച്ച് വ്യക്തമായ മറുപടി ഒന്നും ഉന്നത ഉദ്യോഗസ്ഥർ നൽകുന്നുമില്ല. ഗതാഗതം, വാഹനങ്ങളുടെ നിയമലംഘനം, ക്രമസമാധാനം തുടങ്ങിയവയുടെ ചുമതലയുള്ള പൊലീസ് സംഘങ്ങളെയാണ് ഇതിനുകൂടി നിയോഗിക്കുന്നത്. 

വിലാസം മനസിലാക്കി 10 പെറ്റി നോട്ടീസെങ്കിലും ദിവസവും ഒരു സംഘം എത്തിക്കണം. നോട്ടീസ് കൃത്യമായി എത്തിച്ചുവോയെന്ന് സിഐമാർ വിലയിരുത്തുകയും വേണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 200ലധികം നോട്ടീസുകളാണ് ഇങ്ങനെ വിതരണം ചെയ്തത്. ഇതൊരു മറയായി കാണുന്ന പോലീസുകാരുമുണ്ട്. വാഹന പരിശോധിക്കായി വയര്‍ലസിലൂടെ നിർദ്ദേശം വരുമ്പോൾ പെറ്റി കൊടുക്കാൻ വീടു തേടി നടക്കുകയാണെന്നാണ് ചില കണ്‍ട്രോള്‍ റൂം വാഹനങ്ങളിൽ നിന്നുള്ള മറുപടി. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസ്  വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം നേരിട്ട് പോയി പെറ്റി നോട്ടീസ് നൽകുന്നത് നിർത്തലാക്കി. സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുഡിനാണ് നിർദ്ദേശം നൽകിയത്.

click me!