കുപ്രസിദ്ധ കുറ്റവാളി തക്കാളി രാജീവിനെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു

By Web TeamFirst Published Apr 24, 2022, 6:52 PM IST
Highlights

കുറ്റൂരുള്ള വീട്ടിൽ അതിക്രമിച്ച് കയറി ബധിരനും, മൂകനുമായയാളുടെ കഴുത്തിലെ സ്വർണ മാല കവർച്ച ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജേഷിനെ എട്ട് മാസം തടവിനും ശിക്ഷിച്ചിരുന്നു.

തൃശ്ശൂ‍ര്‍: കുപ്രസിദ്ധ കുറ്റവാളി തക്കാളി രാജീവിനെ കാപ്പ ചുമത്തി പൊലീസ് അകത്താക്കി. കൊലപാതക ശ്രമം, കവർച്ച ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിയ്യൂർ നെല്ലിക്കാട് സ്വദേശിയായ രാജീവ് എന്ന തക്കാളി രാജീവ് (36 വയസ്). 

തൃശൂരിലെ ഒരു ബാർ ഹോട്ടലിൽ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി ബാറിലെ സപ്ലെയറെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഇയാൾ പ്രതിയാണ്. ഇതു കൂടാതെ പെരിങ്ങാവിലുള്ള വീട്ടിൽ കയറി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലും, കുറ്റൂരുള്ള സൂപ്പർമാർക്കറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കടയുടമയെ ആക്രമിക്കുകയും ചെയ്ത കേസിലും ഇയാളെ നേരത്തെ പ്രതി ചേര്‍ത്തിരുന്നു. 

കുറ്റൂരുള്ള വീട്ടിൽ അതിക്രമിച്ച് കയറി ബധിരനും, മൂകനുമായയാളുടെ കഴുത്തിലെ സ്വർണ മാല കവർച്ച ചെയ്ത കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രാജേഷിനെ എട്ട് മാസം തടവിനും ശിക്ഷിച്ചിരുന്നു. പൊതു സമാധാനത്തിന് ഭീഷണിയായ ഇയാളെ കാപ്പ നിയമപ്രകാരം ഒരു വർഷം നാട് കടത്തിയിരുന്നു. അതിന് ശേഷം വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഇപ്പോൾ കാപ്പ ചുമത്തി ജയിലിലാക്കിയത്. 

ജില്ലാ പോലീസ് മേധാവി ആർ.ആദിത്യ ഐപിഎസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റാണ് അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ടത്. ഒല്ലൂർ എസിപി സേതുവിന്റെ നേതൃത്വത്തിൽ വിയ്യൂർ എസ്എച്ച്ഒ സൈജു  പോൾ, സിപിഒമാരായ  ലാലു, ജയകൃഷ്ണൻ എന്നിവരടങ്ങിയ  സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

click me!