
കായംകുളം: പുതുപുള്ളിയിൽ ബൈക്കിലെത്തിയ യുവാക്കളെ റോഡിൽ തടഞ്ഞ് നിർത്തി വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് ഭവനത്തിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപ് (23), കൂട്ടാളി ഓച്ചിറ പായിക്കുഴി വേലിശ്ശേരിൽ പടീറ്റതിൽ വീട്ടിൽ ഷെഫീക്ക് (23) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 7ന് വൈകിട്ട് 4.30 മണിയോടെ പുതുപ്പള്ളി സി എംഎസ് സ്കൂളിന് സമീപത്തുള്ള റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിച്ചു വന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞ് നിർത്തിയായിരുന്നു ഗുണ്ടകളുടെ അക്രമം. വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി അജയഘോഷിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു . നിരവധി കേസുകളിൽ പ്രതിയും കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട അനൂപ് അത് ലംഘിച്ചതിലേക്ക് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. അനൂപിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.
പാലക്കാട് പറക്കുന്നത്ത് അൻപത് പവൻ സ്വർണവും പണവും മോഷണം പോയ കേസിൽ അയൽവാസി പിടിയിരുന്നു. പറക്കുന്നം സ്വദേശി ജാഫർ അലിയാണ് മോഷണം നടന്ന് ഒരു വർഷത്തിന് ശേഷം പിടിയിലാകുന്നത്. അയൽവാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് മോഷണക്കേസ് പ്രതി പിടിയിലായത്. മോഷണം നടന്നപ്പോൾ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്ന വ്യക്തി കൂടിയാണ് ജാഫര്‍ അലി.
വർക്കലയിൽ ബൈക്കിൽ കയറ്റാത്തതിന്‍റെ വൈരാഗ്യത്തിൽ ബൈക്ക് കത്തിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്ക് കത്തിച്ച ശേഷം ഒളിവിൽ പോയ പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തും അയൽവാസിയുമായ വിനീതിന്‍റെ ബൈക്കാണ് ഇയാള്‍ കത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam