
അലിഗഡ്: വിവാഹ തട്ടിപ്പിൽ ഇരയായി ഹരിയാനയിലെ നൂഹിലെ കലാപക്കേസിലെ പ്രതി. പ്രമുഖ ഗോ രക്ഷാ പ്രവർത്തകനും കലാപക്കേസ് പ്രതിയുമായ 47കാരൻ ബിട്ടു ബജ്രംഗിയേയാണ് ദല്ലാൾ വിവാഹതട്ടിപ്പിൽ കുടുക്കിയത്. വിവാഹിതനാവാനുള്ള തയ്യാറെടുപ്പിൽ ബന്ധുക്കളുമായി അലിഗഡിലെ വിവാഹ വേദിയിലെത്തിയ ബിട്ടു ബജ്രംഗി കണ്ടത് ഒരാളുപോലുമില്ലാത്ത മണ്ഡപമായിരുന്നു. ഫെബ്രുവരി 7നാണ് സംഭവം. 30000 രൂപയാണ് വിവാഹം നടത്തി നൽകാനായി ദല്ലാൾ യുവാവിന് നൽകിയത്. ഇയാൾക്കൊപ്പം ഗോരക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള യുവാവാണ് 47കാരനെ വഞ്ചിച്ചതെന്നാണ് പരാതി. ഗോരക്ഷാ പ്രവർത്തകനായ ബണ്ടിയോടാണ് വിവാഹം ചെയ്യാനുള്ള താൽപര്യം ബിട്ടു പങ്കുവച്ചത്.
ഇയാളാണ് റാണിയെന്ന യുവതിയെ 47കാരന് പരിചയപ്പെടുത്തിയത്. ഇവർ രണ്ടും ചേർന്ന് നിരവധി യുവതികളുമായി 47കാരന്റെ പെണ്ണുകാണൽ നടത്തിയെങ്കിലും ആരെയും ബിട്ടുവിന് ഇഷ്ടമായില്ല. കഴിഞ്ഞ സെപ്തംബറിൽ ബണ്ടിയും റാണിയും ഒരു യുവതിയും യുവതിയുടെ ബന്ധുക്കളുമായി ബിട്ടുവിന്റെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ച ശേഷം മടങ്ങി. ഇതനുസരിച്ച് ഫെബ്രുവരി ഏഴിന് വിവാഹ ആവശ്യങ്ങൾക്കായി 30000 രൂപ ബിട്ടു ബജ്രംഗി ബണ്ടിക്ക് നൽകുകയും ചെയ്തു.വധുവിന് ആവശ്യമായ സാധന സാമഗ്രഹികൾ വാങ്ങാനായി ആയിരുന്നു ഈ തുക നൽകിയത്.
വിവാഹം നിശ്ചയിച്ച ദിവസം അലിഗഡിലെ വിവാഹ വേദിയിലെത്തിയപ്പോഴാണ് 47കാരൻ ചതി മനസിലായത്. സഹായിയുടേയും റാണിയുടേയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. വധുവിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു കാര്യം അറിയില്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് സഹായി തന്നെ തട്ടിപ്പിൽ കുടുക്കിയതായി ബോധ്യമായതെന്നാണ് ബിട്ടു ബജ്രംഗി പൊലീസിന് നൽകിയ പരാതിയിൽ വിശദമാക്കുന്നത്. വിവാഹം നടത്തി നൽകിയാൽ 1.20 ലക്ഷം രൂപ നൽകാമെന്നായിരുന്നു സഹായിക്ക് നൽകിയിരുന്ന വാഗ്ദാനമെന്നും ബിട്ടു ബജ്രംഗി വിശദമാക്കുന്നത്. സംഭവത്തിൽ സരൺ പൊലീസാണ് കേസ് എടുത്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam