കൊവിഡ് 19: നിയന്ത്രണങ്ങള്‍ മറികടന്ന് ആറാട്ട്, ജുമ നമസ്കാരം, രാത്രി ആരാധന; കേസ്, അറസ്റ്റ്

By Web TeamFirst Published Mar 22, 2020, 8:55 AM IST
Highlights

ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനാണ് ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത്. 28 പേരെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ദുരന്ത നിവാരണ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍ 13 പേര്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികളാണ്. 

തിരുവനന്തപുരം: കൊവിഡ് 19 ബാധയുമായി ബന്ധപ്പട്ട് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവക്കമ്മിറ്റി ഭാരവാഹികളെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്ത ആറാട്ടുഘോഷയാത്ര നടത്തിയതിനാണ് ഉത്സവക്കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്ത്. 28 പേരെ അറസ്റ്റ് ചെയ്തെന്നാണ് വിവരം. ദുരന്ത നിവാരണ വകുപ്പുകള്‍ അനുസരിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍ 13 പേര്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികളാണ്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.  കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി പത്ത് ദിവസത്തെ ഉല്‍സവത്തിലെ കലാപരിപാടികള്‍ മാറ്റിവച്ചിരുന്നു. എന്നാല്‍ ആറാട്ട് ഘോഷയാത്രയ്ക്ക് നിയന്ത്രണങ്ങള്‍ മറികടന്ന് നിരവധിപ്പേര്‍ എത്തുകയായിരുന്നു. 

ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്രത്തില്‍ നോട്ടീസ് ലംഘിച്ച് ഉത്സവം നടത്തിയതിന് ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തളിപ്പറമ്പ് തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കൊല്ലത്ത് അഞ്ചല്‍, പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തടിക്കാട്  മുസ്ലിം ജമാത്ത് പള്ളി അങ്കണത്തില്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടി നമസ്കാരം നടത്തിയതിനു ജമാത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. വയനാട് കല്‍പ്പറ്റ മടക്കിമൂലയില്‍ നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങ് സങ്കടിപ്പിച്ചതിനു ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും കേസെടുത്തു. മട്ടന്നൂരിലും കണ്ണൂര്‍ മാലൂര്‍, ഇരിട്ടി, പരിയാരം, കൊല്ലം റൂറല്‍ പുനലൂര്‍ ആലഞ്ചേരി എന്നീ സ്ഥലങ്ങളിലും സമാന സംഭവത്തിന് കേസെടുത്തിട്ടുണ്ട്. വയനാട് വൈത്തിരി ടൗണിലും ചുണ്ടയിലും ജുമാ മസ്ജിദില്‍ കൂട്ടം കൂടി മതപരമായ ചടങ്ങ് നടത്തിയതിന് കേസെടുത്തിട്ടുണ്ട്. കാസര്‍ഗോഡ് നീലേശ്വരം ജുമാ മസ്ജിദിലും സമാന സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫോറൈന്‍ പള്ളിയില്‍ മുന്നറിയിപ്പ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ആരാധന നടത്തിയതിനു പള്ളി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. 
    
തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളയാള്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് കേസെടുത്തു. പതിനൊന്നാം തീയതി ഷാര്‍ജയില്‍ നിന്ന് മടങ്ങിയെത്തിയ മുഹമ്മദ് ഹുസൈന്‍ എന്നയാള്‍ക്കെതിരെയാണ് കേസ്. ഇയ്യാളെ വീണ്ടും വീട്ടില്‍ നിരീക്ഷണത്തില്‍ നിര്‍ത്താന്‍ നടപടി സ്വീകരിച്ചു. കോട്ടയം കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയ ശേഷം നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയ മുരുകന്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു.കാസര്‍ഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന അബ്ദുല്‍ ഖാദര്‍ എന്നയാള്‍ പുറത്തിറങ്ങിയതിനും കേസെടുത്തിട്ടുണ്ട്. കോഴിക്കോട് സിറ്റിയില്‍ ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരീക്ഷണത്തിലായിരുന്ന അഹമ്മദ് ബാബ, ഷംനാദ്, ഷാനു എന്നിവര്‍ക്കെതിരെ  ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനു കേസെടുത്തു. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു വാഹന വില്‍പനശാല തുറന്നു വച്ചതിനും കേസെടുത്തിട്ടുണ്ട്.
 

click me!