കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണത്തിന്‍റെ സൂചനകൾ

By Web TeamFirst Published Feb 16, 2021, 12:04 AM IST
Highlights

കഴിഞ്ഞ ദിവസമാണ് വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിന്‍റെ തൊട്ട് പിറകിലെ പാറമടയുടെ കുളത്തിൽ സിസ്റ്റർ ജസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ വൈകീട്ടോടെയാണ് പൂർത്തിയായത്.

കൊച്ചി: വാഴക്കാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണത്തിന്‍റെ സൂചനകൾ. ശരീരത്തിൽ പരിക്കുകളോ,ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. അന്വേഷണ തുടരുകയാണെന്നും രാസപരിശോധനക്ക് ശേഷമെ മരണകാരണത്തിൽ വ്യക്തത ഉണ്ടാവൂയെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വാഴക്കാല സെന്‍റ് തോമസ് കോൺവെന്‍റിന്‍റെ തൊട്ട് പിറകിലെ പാറമടയുടെ കുളത്തിൽ സിസ്റ്റർ ജസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്‍റെ പോസ്റ്റുമോർട്ടം നടപടികൾ വൈകീട്ടോടെയാണ് പൂർത്തിയായത്. മൃതദേഹത്തിൽ പരിക്കുകളോ, ബല പ്രയോഗത്തിന്‍റെ ലക്ഷണങ്ങളോ ഇല്ല. മുങ്ങിമരണത്തിന്‍റെ സൂചനകളാണ് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്.എന്നാൽ ഇത് അന്തിമ റിപ്പോർട്ട് അല്ലെന്നും ആന്തരിക അവയവങ്ങളുടെ രാസപരിശോധ ഫലം വന്ന ശേഷമെ മരണകാരണത്തിൽ വ്യക്തത വരൂയെന്നും പൊലീസ് പറഞ്ഞു.

വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന കുളം പായൽ കൊണ്ട് നിറഞ്ഞതാണ്.കോൺവെന്‍റിന്‍റെ പൊളിഞ്ഞ മതില് കടന്നാണ് സിസ്റ്റർ ജസീന കുളത്തിലെത്തിയതെന്നാണ് കരുതുന്നത്. സിസ്റ്റർ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴി പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്.സിസ്റ്റർ ജസീന ചികിത്സ തേടിയ ആശുപത്രിയിൽ നിന്ന് പൊലീസ് രേഖകൾ ശേഖരിച്ചു.2004ൽ മധ്യപ്രദേശിലെ ഉജ്ജൈനിൽ സിസ്റ്റർ ജസീന ജോലി ചെയ്തിരുന്നപ്പോൾ സഹപ്രവർത്തകയുടെ അപകടമരണം നേരിൽ കണ്ടത് മുതൽ മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നാണ് ഡിഎസ്ടി കന്യാസ്ത്രീ മഠം അധികാരികൾ പറയുന്നു. 2011ൽ ആത്മഹത്യപ്രവണത പ്രകടിപ്പിച്ചപ്പോഴും ചികിത്സ ഉറപ്പാക്കിയിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി.സിസ്റ്ററിന്‍റെ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ചപ്പോഴും വിഷമങ്ങൾ അലട്ടുന്നതായി ഒന്നും സിസ്റ്റർ ജസീന പങ്ക് വെച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ മൊഴി

കാണാതായി മണിക്കൂറുകൾക്കുള്ളിൽ തന്നെ പായൽ മൂടിയ ആഴമേറിയ കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിൽ നാട്ടുകാരും സംശയം ഉന്നയിക്കുന്നുണ്ട്.എല്ലാ വശവും വിശദമായി പരിശോധിക്കുമെന്നും ഇതിന് ശേഷമെ നിഗമനത്തിലെത്തൂവെന്നുമാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. സിസ്റ്റർ ജസീനക്ക് അന്തിമ ഉപചാരം അർപ്പിക്കാൻ സഹപ്രവർത്തകരും,ബന്ധുക്കളുമായ നിരവധി പേരാണ് വാഴക്കാലയിലെ സെന്‍റ് തോമസ് കോൺവെന്‍റിലെത്തിയത്.ചടങ്ങുകൾക്ക് ശേഷം മൃതദേഹം വാഴക്കാല സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

click me!