
ചിറ്റൂര്‍ : പാലക്കാട് ചിറ്റൂരിൽ വൃദ്ധ ദമ്പതികളേയും മകനേയും മദ്യപിച്ചെത്തിയ സംഘം ക്രൂരമായി മർദിച്ചതായി പരാതി. കേണംപുള്ളി സ്വദേശികളായ മരുതൻ കല്യാണി ദമ്പതികളേയും മകൻ രാജേഷിനെയുമാണ് ഒരുസംഘമാളുകൾ വീട്ടിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്തത്. വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഡിസംബർ 22, വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്കാണ് അക്രമ സംഭവം നടന്നത്. ഇരുപതോളം പേരാണ് മരുതൻ്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. വീട്ടിലുണ്ടായിരുന്ന രാജേഷിനെ ഇവര്‍ ആയുധം കൊണ്ട് ആക്രമിച്ചു. ബഹളം കേട്ടെത്തിയ രാജേഷിൻ്റെ അമ്മ കല്യാണിയേയും സംഘം വെറുതെ വിട്ടില്ല. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത 90 വയസ്സുള്ള മരുതനേയും അക്രമികൾ മർദിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ വർക്കലയിൽ ഹോട്ടലിൽ സംഘർഷത്തിൽ ഇടപെട്ട പൊലീസുകാർക്ക് മദ്യപ സംഘത്തിന്‍റെ മര്‍ദ്ദനമേറ്റിരുന്നു. ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു മദ്യപ സംഘത്തെ പ്രകോപിപ്പിച്ചത്. വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഡിസംബര്‍ രണ്ടാം വാരത്തില്‍ അട്ടപ്പാടിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസുകാരന്‍ തല്ല് കേസില്‍ അറസ്റ്റിലായിരുന്നു. മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ സിവിൽ പൊലീസ്സ് ഓഫിസറായ രാജ് കുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കേസില്‍ കുടുങ്ങിയതിന് പിന്നാലെ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. ഭൂതുവഴി സ്വദേശിയായ അലിഅക്ബറിനെ മർദ്ദിച്ച കേസിലാണ് പൊലീസ് ഓഫിസറെ അറസ്റ്റ് ചെയ്തത്. എഐവൈഎഫ് അഗളി മേഖലാ പ്രസിഡന്‍റാണ് മര്‍ദ്ദനമേറ്റ അലി അക്ബര്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam