Odisha conman : പത്താംക്ലാസ് പോലും പാസാകാത്ത 66 കാരന്‍; 4 കൊല്ലത്തില്‍ നടത്തിയത് 25 വിവാഹ തട്ടിപ്പുകള്‍.!

Web Desk   | Asianet News
Published : Feb 20, 2022, 12:14 PM ISTUpdated : Feb 20, 2022, 12:26 PM IST
Odisha conman : പത്താംക്ലാസ് പോലും പാസാകാത്ത 66 കാരന്‍; 4 കൊല്ലത്തില്‍ നടത്തിയത് 25 വിവാഹ തട്ടിപ്പുകള്‍.!

Synopsis

 ഇയാളെ പിന്തുടര്‍ന്ന് രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ പൊലീസ് എത്തി. എത്തിയിടത്തെല്ലാം ഇയാള്‍ക്ക് ഭാര്യമാരുണ്ടെന്നും. അവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് മനസിലാക്കി. 

ന്ത്യയെ ഞെട്ടിച്ച വിവാഹ തട്ടിപ്പ് വീരന്‍ രമേഷ് കുമാര്‍ സ്വയെന്‍റെ (Ramesh Kumar Swain) കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത്. അറുപത്തിയാറുകാരനായ ഈ ഒഡീഷ (Odisha) സ്വദേശി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ നിന്നായി ഇരുപത്തിയഞ്ചിലേറെ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. 5 അടി നാലിഞ്ച് പൊക്കമുള്ള രമേഷ് സുപ്രീംകോടതി അഭിഭാഷകന്‍, ഐഎഎസ് ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, സൈനിക ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ എത്തിയാണ് വിവാഹം നടത്തിയത്. എന്നാല്‍ ശരിക്കും പത്താംക്ലാസ് പോലും പാസാകാത്ത രമേഷ് ഡോക്ടറായി പോലും അഭിനയിച്ച് വിവാഹം നടത്തിയിട്ടുണ്ട്. 

ഇയാളെ പിടികൂടിയ ഭുവനേശ്വര്‍ പൊലീസ് ഇയാള്‍ പറ്റിച്ച സ്ത്രീകളെ ബന്ധപ്പെടാനും അന്വേഷണം നടത്താനും പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്. ഇതിനകം 90 പേരെയെങ്കിലും ഈ സംഘം ഈ കേസില്‍ കണ്ടുകഴിഞ്ഞുവെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്. ഇത്രയും വലിയ തട്ടിപ്പ് നടത്തിയിട്ടും ഇതില്‍ പലര്‍ക്കും രമേഷിന്‍റെ തട്ടിപ്പ് സംബന്ധിച്ച് ഒരു സംശയവും തോന്നിയില്ല എന്നത് ദുരൂഹമായി തുടരുന്നു.

തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ

മെയ് 2021 ല്‍ ഭുവനേശ്വറിലെയും, കട്ടക്കിലെയും പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ വന്ന കോള്‍‍ ആണ്, ഒരു 'ഇന്ത്യന്‍ കാസനിവോയ'യായി വിലസിയിരുന്ന രമേഷിന് പിടിവീഴാന്‍ ഇടയാക്കിയത്. ദില്ലിയില്‍ താമസമാക്കിയ ഒരു സ്കൂള്‍ ടീച്ചര്‍ തന്‍റെ ഭര്‍ത്താവിന് മറ്റ് ചില വിവാഹ ബന്ധങ്ങള്‍ ഉണ്ടെന്നും തന്‍റെ 13 ലക്ഷം രൂപ തട്ടിയെടുത്തുമെന്നാണ് പരാതി. ഭുവനേശ്വറിലെ സ്ത്രീകളുടെ പൊലീസ് സ്റ്റേഷനില്‍ റജിസ്ട്രര്‍ ചെയ്ത കേസ് ഡപ്യൂട്ടി കമ്മീഷ്ണര്‍ ഉമശങ്കര്‍ ദാസിന്‍റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്.

പിന്നീട് ഇയാള്‍ക്ക് പിന്നാലെയായി പൊലീസ് നിരന്തരം നമ്പര്‍ മാറ്റിയിരുന്ന ഇയാളെ പിന്തുടര്‍ന്ന് രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ പൊലീസ് എത്തി. എത്തിയിടത്തെല്ലാം ഇയാള്‍ക്ക് ഭാര്യമാരുണ്ടെന്നും. അവര്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് മനസിലാക്കി. പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിട്ടുണ്ടെന്ന് മനസിലായി. ഗുവഹത്തിയിലും പാരദീപിലും ഇയാള്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തുന്നതായി പൊലീസ് കണ്ടെത്തി. ഇവിടെയാണ് അവസാനം ഇയാള്‍ കൂടുതലായി താമസിച്ചത്. അവിടെയും ഭാര്യമാരുണ്ടായിരുന്നു.

ഒടുവില്‍ ഭുവനേശ്വരില്‍ എത്തിയപ്പോള്‍ കഴിഞ്ഞ ഫെബ്രുവരി 14ന് ഇയാള്‍ പൊലീസ് പിടിയിലായി. ഇവിടുത്തെ ശനി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു രമേഷ്. 

രമേഷ് ചില്ലറക്കാരനല്ല

പ്രധാന പരാതിക്കാരിയായ ദില്ലിയിലെ ടീച്ചറുടെ കഥ തന്നെ പരിശോധിക്കാം, ഒരു മാട്രിമോണിയല്‍ സൈറ്റിലാണ് ഇവര്‍ രമേഷിന്‍റെ പ്രൊഫൈല്‍ കണ്ടത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇയാള്‍ എന്നാണ് പ്രൊഫൈല്‍ കാണിച്ചത്. താല്‍പ്പര്യം അറിയിച്ചതോടെ ആധാറും, പാന്‍കാര്‍ഡും അടക്കം കാണിച്ചു. നന്നായി ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും. താന്‍ ജോലി സംബന്ധമായി യാത്രയിലായിരിക്കും എന്ന് പറഞ്ഞ ഇയാള്‍ അതിന്‍റെ ചിത്രങ്ങളും ഇടയ്ക്കിടയ്ക്ക് ഭാര്യയെ കാണിക്കുമായിരുന്നു. 1956 ല്‍ ജനിച്ച രമേഷ് 1971 ലാണ് ജനിച്ചത് എന്ന് കാണിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കിയിരുന്നു. 2018 ജൂലൈ 29നാണ് ദില്ലി ആര്യസമാജത്തില്‍ വച്ച് ഇയാള്‍ ദില്ലി സ്വദേശിയായ ടീച്ചറെ വിവാഹം കഴിച്ചത്. 

പിന്നീട് ഭുവനേശ്വറില്‍ താമസമാക്കിയപ്പോഴാണ് ഇയാളുടെ പ്രവര്‍ത്തനങ്ങളില്‍ ദില്ലി സ്വദേശിയായ ടീച്ചര്‍ക്ക് സംശയം തോന്നിയത്. ഇതോടെ ഇയാള്‍ ഇവരെ അവഗണിക്കാന്‍ തുടങ്ങി. തനിക്ക് രക്ഷിതാക്കള്‍ ഇല്ലാത്തതിനാല്‍ കാര്യമായ അന്വേഷണം നടത്താതിനാലണ് കുരുക്കില്‍ പെട്ടത് എന്ന് ഇവര്‍ പറയുന്നു. അയാളുടെ പെരുമാറ്റവും കാണിച്ച രേഖകളും ഇ-മെയില്‍ ഐഡി പോലും യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് വിശ്വസിച്ചു- പരാതിക്കാരി പറയുന്നു.

അതിനിടെ രമേഷിന്‍റെ ഫോണില്‍ നിന്നും അയാള്‍ കെണിയില്‍പ്പെടുത്തിയ സ്ത്രീകളുടെ നമ്പര്‍ എടുത്ത് താന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ഇവര്‍ പറയുന്നു. ദില്ലിയില്‍ ജീവിക്കുന്ന വിധവയായ ഈ ടീച്ചറുടെ പരാതിയാണ് കേസ് വഴിത്തിരിവിലെത്തിച്ചത്.

രമേഷ് ചന്ദ്ര സെയ്ന്‍ എന്ന് അറിയിപ്പെടുന്ന വിവാഹതട്ടിപ്പ് വീരന്‍ കേന്ദ്രപാറ ജില്ലയിലെ സിംഗ്ഹാലോ എന്ന ഗ്രാമത്തില്‍ നിന്നാണ് വന്നത്. ഡോ. ബിജയശ്രീ രമേഷ് കുമാര്‍, ഡോ. ബിന്ദു പ്രകാശ് സെയ്ന്‍ ഇങ്ങനെ നിരവധിപ്പേരില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം വിലകൂടിയ അപ്പാര്‍ട്ട്മെന്‍റുകള്‍ വാടകയ്ക്ക് എടുത്ത് അവിടെ ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്കരായ സ്ത്രീകളെ വിവാഹ കെണിയില്‍ പെടുത്തുന്നതും ഇയാളുടെ രീതിയായിരുന്നു. 

2018ന് ശേഷം ഇയാള്‍ 25 വിവാഹങ്ങള്‍ കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ഈ ബന്ധങ്ങള്‍ ഒന്നും നീണ്ടു നില്‍ക്കുന്നതല്ല. ഇപ്പോഴും ഒരേ രീതികളാണ് ഇയാള്‍ ഈ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇയാളുടെ അറസ്റ്റ് വിവരം പുറത്ത് വന്നതോടെ ഇന്തോടിബറ്റന്‍ പൊലീസിലെ വനിത ഉദ്യോഗസ്ഥ മുതല്‍ സുപ്രീംകോടതി അഭിഭാഷക വരെ ഇയാളുടെ വിവാഹ കെണിയില്‍ പെട്ടതിന്‍റെ അനുഭവം പൊലീസുമായി പങ്കുവച്ചെന്നാണ് വാര്‍ത്ത. 

കൊച്ചിയിൽ മുൻപൊരു തട്ടിപ്പു കേസിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അന്ന് ഇയാളെ അറസ്റ്റ് ചെയ്തതാണ്. മാധ്യമങ്ങളിലെ വാർത്തകളെ തുടർന്ന് കേരളത്തിൽ തട്ടിപ്പിനിരയായ യുവതിയുടെ സഹോദരൻ വിളിച്ചുവെന്നും പരാതി നല്‍കിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ