
ആലപ്പുഴ: പട്ടണക്കാട് പിഞ്ചു കുഞ്ഞിനെ കൊന്നതല്ലെന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോൾ പെട്ടെന്ന് ദേഷ്യം വന്ന് വാ പൊത്തിപ്പിടിച്ചതാണ്. മൂക്കും അറിയാതെ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടിയെന്ന് അറിഞ്ഞില്ലെന്നും അബദ്ധം പറ്റിയതാണെന്നും അമ്മ പൊലീസിന് മൊഴി നൽകി. കൊല്ലണമെന്ന് ഉദ്ദേശിച്ച് ചെയ്തതല്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാൽ ഈ മൊഴി പൊലീസ് പൂർണ വിശ്വാസത്തിലെടുത്തിട്ടില്ല.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കാനൊരുങ്ങുകയാണ്. കുട്ടിയെ അമ്മ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് ഭർതൃമാതാവ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ചുണ്ടിലുള്ള ചെറിയ മുറിവല്ലാതെ കുഞ്ഞിന്‍റെ ദേഹത്ത് വേറെ മുറിവുകളൊന്നുമില്ല.
പക്ഷേ, കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴും മർദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. അന്ന് പട്ടണക്കാട് പോലീസിൽ ഭർതൃമാതാവ് പരാതി നൽകിയിരുന്നു. പക്ഷേ അന്നത് കേസാക്കിയില്ല. വിഷയം പോലീസ് ഇരുകൂട്ടരെയും വിളിച്ച് കേസെടുക്കാതെ ഒത്തുതീർപ്പാക്കി. 2018 മാർച്ച് 28-നായിരുന്നു പരാതി.
അച്ഛനമ്മമാർക്കെതിരെ കേസ്, കുഞ്ഞും ജയിലിൽ!
ആലപ്പുഴയില്‍ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് അവളുടെ ഒന്നരവയസിനുള്ളിൽ ജയിലിലും കിടന്നു. അച്ഛന്‍റെ അമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ കുഞ്ഞിന്‍റെ അമ്മയും അച്ഛനും ആറ് ദിവസം ജയിലിൽ കിടന്നിരുന്നു. ആ സമയത്ത് പിഞ്ചു കുഞ്ഞായിരുന്നത് കൊണ്ട് കുഞ്ഞിനെയും ഇവർക്കൊപ്പം ജയിലിലിടുകയായിരുന്നു.
കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ അമ്മ പൊലീസിന് മൊഴി നല്‍കി. മകന്‍റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുട്ടിയുടെ അമ്മ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്‍റെ ശ്വാസം നിലച്ച് പോയതെന്നും കുട്ടിയുടെ അച്ഛന്‍റെ അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ആരോഗ്യവതിയായിരുന്നു എന്നും അസുഖമൊന്നും ഇല്ലായിരുന്നു എന്നും ഇവർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ഇന്നലെ കുഞ്ഞിന്‍റെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ അച്ഛനെയും അച്ഛന്‍റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു.
ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചവർ അറിയിച്ചത്.
ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയേ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയല്‍വാസികളോട് പറഞ്ഞത്. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam