
തൃശൂർ: കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് പത്ത് ലക്ഷം വില വരുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. ദില്ലി സ്വദേശി ഹൈദർ ആണ് പിടിയിലായത്.
കഴിഞ്ഞ മാസം പതിനാലിനാണ് കൊടുങ്ങല്ലൂർ പെൻ്റ മൊബൈൽ ഫോൺ ഷോറും കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയോളം വില വരുന്ന ഫോണുകൾ മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളിലെ ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴയിലെ ആക്രിക്കടയിലെ ജോലിക്കാരനായ ഹൈദറാണ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ രണ്ട് കൂട്ടുപ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കേസിലെ പിടിയിലായ പ്രതിയുമായി മൊബൈൽ ഷോപ്പിൽ പൊലീസ് തെളിവെടുപ്പ് നടത്തി. മറ്റ് രണ്ട് പ്രതികളും വൈകാതെ വലയിലാവുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ കായംകുളം നഗരത്തിലും മോഷണം വ്യാപകമാവുകയാണ്. ക്രിസ്ത്യൻ ആരാധനാലയത്തിലും സ്കൂളുകളിലുമാണ് മോഷണം നടന്നത്. കായംകുളം സെൻറ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ച്, സമീപത്തെ ഗവൺമെൻറ് എൽ പി സ്കൂൾ, ഗവൺമെൻറ് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പളളിയിലെ അള്‍ത്താരക്ക് സമീപമുള്ള വാതിലിന്റെ പാളി കുത്തിയിളക്കിയുണ്ട് മോഷ്ടാവ് ആകത്തുകയറിയത്. അലമാരകളും മറ്റും കുത്തി തുറന്നു. കാണിക്ക വഞ്ചിയും കുത്തി തുറന്നിട്ടുണ്ട്. ഇതിൽ നിന്ന് പണം അപഹരിച്ചതായി വികാരി ഫാദർ ഫ്രാൻസിസ് പറഞ്ഞു.
ഇതിന് സമീപമുള്ള ഗവൺമെൻ്റ് എൽപിഎസിലെ ഓഫീസിൽ കടന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്കൂൾ ബസ്സിന്റെ ആർ സി ബുക്ക് മോഷ്ടിച്ചു. ക്ലാസ് മുറികളുടെയും മറ്റ് റെക്കോർഡുകൾ സൂക്ഷിക്കുന്ന അലമാരകളുടെയും താക്കോലുകൾ മോഷ്ടാവ് കൊണ്ടുപോയി. ഗവൺമെൻറ് യു പി സ്കൂളിൽ സൂക്ഷിച്ചിരുന്ന പതിനാറായിരത്തോളം രൂപ കവർന്നു. ഓൺലൈൻ പഠനകാലത്ത് അധ്യാപകർ വിദ്യാർഥികൾക്കായി വാങ്ങി നൽകിയ രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു.
Also Read: കാണിക്ക വഞ്ചി, അലമാരയുടെ താക്കോല്‍, സ്കൂള്‍ ബസിന്‍റെ ആര്‍സി ബുക്ക്; കായംകുളത്ത് വ്യാപക മോഷണം