
കൊച്ചി: കൊച്ചിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലഹരിമരുന്ന് കേസിലെ പ്രതിയിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. പ്രതിപ്പട്ടികയിൽ നിന്നും നീക്കിത്തരാം എന്ന് വാഗ്ദാനം നൽകിയാണ് മൂവാറ്റുപുഴ സ്വദേശി സ്കറിയിൽ നിന്നും ഒരു സംഘം പണം തട്ടിയത്. കൊച്ചിയിലെ എക്സൈസ് ഓഫീസിന്റെ മുന്നിൽ കൊണ്ടുവന്ന് ഉദ്യോഗസ്ഥരുടെ വേഷം കെട്ടിയായിരുന്നു തട്ടിപ്പ്. പ്രതികളിൽ ഒരാൾ പിടിയിലായി.
കഴിഞ്ഞ വർഷം അവസാനം മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത 22 ഗ്രാം എംഡിഎഎ കടത്തിയ കേസിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. മൂന്നാം പ്രതി മൂവാറ്റുപുഴ സ്വദേശി സക്കറിയ അപ്പോഴേക്കും ഒളിവിൽ പോയി. ഇങ്ങനെയൊരു കേസുണ്ടെന്ന് മനസിലാക്കിയ കോട്ടയം സ്വദേശി അലക്സ് ചാണ്ടിയും പാലാരിവട്ടം സ്വദേശി നവീനും സക്കറിയയുടെ ബന്ധുക്കളെ സമീപിച്ചു. എക്സൈസിൽ അടുത്ത ബന്ധം ഉണ്ടെന്നും പണം നൽകിയാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രതിപ്പട്ടികയിൽ നിന്നും നീക്കിത്തരാം എന്നുമായിരുന്നു വാഗ്ദാനം. ആദ്യം മൂന്ന് ലക്ഷം രൂപ ഇരുവരും കൈപ്പറ്റി. ബാക്കി രണ്ട് ലക്ഷം രൂപ എറണാകുളത്തെ ഉന്നത എക്സൈസ് ഉദ്യോഗസ്ഥനെ നേരിട്ട് കണ്ട് സംസാരിച്ചതിന് ശേഷം മതിയെന്ന് പറഞ്ഞു. ഇവർ സക്കറിയയെ എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിന്റെ മുന്നിൽ കൊണ്ടുവന്നു. പണം പോയെങ്കിലെന്താ ലഹരിക്കേസ് തീർന്നെന്നല്ലോ എന്ന് ആശ്വസിച്ച് സക്കറിയ വീട്ടിലേക്ക് മടങ്ങി. പിന്നെയായിരുന്നു ട്വിസ്റ്റ്.
കേസ് തീര്‍പ്പായ സമാധാനത്തില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ മടങ്ങിയെത്തിയ സക്കറിയയെ എക്സൈസ് അറസ്റ്റ് ചെയ്തു. മൊഴി രേഖപ്പെടുത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം പുറത്ത് വരുന്നത്. പിന്നാലെ, ലഹരിക്കേസ് പ്രതിയെ സഹായിച്ചെന്ന കുറ്റം ചുമത്തി അലക് ചാണ്ടിയുടെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. അപ്പോഴേക്കും തട്ടിപ്പിന്റെ സൂത്രധാരൻ നവീൻ ഒളിവിൽ പോയി. ഇവർക്ക് സഹായം ചെയ്ത നിർമ്മൽ, മുഹമ്മദ് സാലി എന്നിവർക്കെതിരെയും അന്വേഷണം ഉണ്ടാകും. ഈകൂട്ടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ചമഞ്ഞ ആളാരാണെന്ന് കണ്ടെത്താനായിട്ടില്ല. എക്സൈസ് കേസിന് പുറമേ ഈ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് എറണാകുളം സെൻട്രൽ പൊലീസും എഫ്ഐഐആറിട്ട് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam