
മാവേലിക്കര: ദേവസ്വം ബോർഡിലും ബിവ്റിജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ വൈശാഖ് (24) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി. ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി. വിനീഷ് രാജിനു (32) വേണ്ടി സ്വന്തം അക്കൗണ്ടിലേക്കു 2 ലക്ഷം രൂപ തിരുവനന്തപുരം സ്വദേശിയിൽ നിന്നു കൈപ്പറ്റിയതായാണ് വൈശാഖിന് എതിരെയുള്ള കേസ്.
ഇതു കൂടാതെ ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു മറ്റൊരാളെ തട്ടിപ്പ് സംഘവുമായി ബന്ധപ്പെടുത്തിക്കൊടുത്തതായി വൈശാഖിനെതിരെ പരാതി ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ജോലി വാഗ്ദാനം ചെയ്തു 7 ലക്ഷം രൂപ കബളിപ്പിച്ചെന്നു കാണിച്ചു തിരുവനന്തപുരം സ്വദേശി സമർപ്പിച്ച പരാതിയിൽ നൽകിയ അക്കൗണ്ട് നമ്പർ പരിശോധിച്ചാണു വൈശാഖിനെ പൊലീസ് കുടുക്കിയത്. വൈശാഖിന്റെ അക്കൗണ്ട് നമ്പർ നൽകിയെങ്കിലും മറ്റൊരാളുടെ പേരാണ് വിനീഷ്രാജ് പറഞ്ഞതെന്നാണു പരാതിക്കാരൻ പറയുന്നത്. ജോലി തട്ടിപ്പിനിടയിൽ സുഹൃത്തുക്കളെയും വിനീഷ് തന്ത്രപൂർവം കുടുക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്.
വിനീഷ് രാജിനെക്കൂടാതെ പി. രാജേഷ് (34), വി. അരുൺ (24), അനീഷ് (24), എസ്. ആദിത്യൻ (ആദി–22), സന്തോഷ് കുമാർ (52), ബിന്ദു (43) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിനീഷ് രാജിനെതിരെ ഇന്നലെ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ വിനീഷ് രാജിന് എതിരെ മൊത്തം 45 കേസുകളായി. അതേ സമയം മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മൂന്ന് എസ്. ഐമാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മാവേലിക്കര സ്റ്റേഷനിൽ നേരത്തെ ജോലിചെയ്തിരുന്ന വർഗീസ് മാത്യു, ഗോപാലകൃഷ്ണൻ, ഹക്കിം എന്നിവരെയാണ് എറണാകുളം റേഞ്ച് ഡി. ഐ. ജി നീരജ് ഗുപ്ത സസ്പെൻഡ് ചെയ്തത്.
ആരോപണ വിധേയരായ മൂന്ന് എസ്ഐമാർക്കും ജോലിതട്ടിപ്പ് കേസില മുഖ്യപ്രതി ചെട്ടികുളങ്ങര കടവൂർകല്ലിട്ടകടവിൽ വി. വിനീഷ് രാജുമായി (32) അടുത്ത ബന്ധമുണ്ടായിരുന്നെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എസ്. ഐമാർ കേസിന്റെ വിവരങ്ങൾ ചോർത്തി നൽകുക വഴി ചില പ്രതികൾ രക്ഷപ്പെടാനും പ്രധാന തെളിവുകൾ നശിപ്പിക്കപ്പെടാനും ഇടയായതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചേർത്തല ഡിവൈ എസ്. പി ടി. ബി. വിജയനെ ചുമതലപ്പെടുത്തി. വർഗീസ് മാത്യൂ മാന്നാർ സ്റ്റേഷനിലും ഗോപാലകൃഷ്ണൻ കുറത്തികാടും, ഹക്കിം ചെങ്ങന്നൂർ ട്രാഫിക് സ്റ്റേഷനിലുമാണ് ജോലിനോക്കുന്നത്. ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം, അവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവ പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More : ഒന്നര മാസത്തിനിടെ 4 ക്ഷേത്രങ്ങളില്‍ മോഷണം; പ്രതിയുടെ ഫോട്ടോ പുറത്തുവിട്ടു, വല വിരിച്ച് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam