യൂത്ത് കോൺഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ

By Web TeamFirst Published Apr 23, 2020, 5:30 PM IST
Highlights

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസ്സന് വെട്ടേറ്റത്. രാത്രി പത്തരയോടെ മുഖംമൂടിയിട്ട സംഘം സുഹൈലിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. സിപിഎം പ്രവർത്തകനും മങ്ങാരം സ്വദേശിയുമായ എ എം ഹാഷിമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന്  ഗൂഢാലോചന നടത്തിയത് ഹാഷിം ആണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ നേരത്തെ ഒരു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കറ്റാനം സ്വദേശി സതീഷാണ് വള്ളികുന്നം പൊലീസിന്റെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസ്സന് വെട്ടേറ്റത്. രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. കറ്റാനം മങ്ങാരത്ത് വെച്ച് സുഹൈലിനെ മുഖംമൂടിയിട്ട സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുഹൈലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 

ചികിത്സയില്‍ കഴിയുന്ന സുഹൈല്‍ അപകട നില തരണം ചെയ്‍തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

click me!