
ചാരുംമൂട് : വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം 500 രൂപയുടെ കള്ളനോട്ട് നൽകിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ചാരുംമൂട് സ്വദേശി രഞ്ജിത്തിനെയാണ് നൂറനാട് പോലീസ് പിടികൂടിയത്. കേസിൽ ഈസ്റ്റ് കല്ലട മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45) താമരക്കുളം അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ഇവരെല്ലാം കണ്ണികൾ മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കേസിൽ വൻ റാക്കറ്റുകളാണുള്ളത്. ഇവർക്കായി സി.ഐ പി.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഊർജിതമായ അന്വേഷണത്തിലാണ്. കേസിൽ കണ്ണികളായ ചാരുംമൂട് സ്വദേശികളായ ചിലർ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷ്ണം നടന്നു വരുന്നത്. ചാരുംമൂട് മേഖലയിൽ തന്നെ 500 ൻ്റെ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ സംഘം മാറിയെടുത്തതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. കല്യാണ വീടുകളും കള്ളനോട്ടുകൾ മാറിയെടുക്കാൻ സംഘം ശ്രമം നടത്തിയിട്ടുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചാരുംമൂടിലെ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയത് 500 രൂപയുടെ കറൻസി നോട്ടായിരുന്നു. നോട്ട് വാങ്ങിയ ജീവനക്കാരന് അപ്പോൾ തന്നെ സംശയം തോന്നി. ഈ സംശയമാണ് കള്ളനോട്ട് കേസ് പുറത്ത് കൊണ്ടു വരാൻ സഹായിച്ചത്. നോട്ട് കൈമാറിയ താമരക്കുളം സ്വദേശിനി ലേഖയെ നൂറനാട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ത്രീയുടെ പേഴ്സിൽ നിന്നും 500 രൂപയുടെ കൂടുതല്‍ കള്ളനോട്ടുകൾ കണ്ടെത്തി.
വിശദമായ ചോദ്യം ചെയയലില്‍ കള്ളനോട്ടുകൾ നൽകിയത് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ക്ലീറ്റസാണെന്ന് മൊഴി നല്‍കി. വീടിനു സമീപത്തു നിന്നും പുലർച്ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്‍റെ കൈയിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു. അടിപിടി, പൊലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകൾ ക്ലീറ്റസിനെതിരെ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളിൽ കയറി ചെറിയ തുകയ്ക്കുള്ള സാധനങ്ങൾ വാങ്ങിയാണ് നോട്ടുകള്‍ ചെലവഴിച്ചിരുന്നത്. സൂക്ഷ്മമായി നോക്കിയാൽ മാത്രം മനസ്സിലാകുന്ന തരത്തിലായിരുന്നു നോട്ടുകളുടെ നിർമ്മാണം.