അഭിഭാഷകന്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസില്‍ ഒരാള്‍ പിടിയില്‍

By Web TeamFirst Published Mar 7, 2020, 8:44 PM IST
Highlights

വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ റോഡരികൽ മാലിന്യം നിക്ഷേപിച്ച് തിരികെ വരുന്നതിനിടെയാണ്  ബൈക്കിലെത്തിയ സംഘം ഏബ്രഹാം വർഗീസിനെ  തടഞ്ഞു നിർത്തി മർദ്ദിച്ചത്.

തിരുവല്ല: വഴിവക്കിൽ മാലിന്യം നിക്ഷേപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അഭിഭാഷകൻ മർദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പുത്തൻകാവ് സ്വദേശി അരവിന്ദ് ആണ് അറസ്റ്റിലായത്. വഴിവക്കിൽ മാലിന്യംകളഞ്ഞ എബ്രഹാമിനെ അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ചെങ്ങന്നൂ‍ർ പുത്തൻ കാവിന് സമീപം ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെ റോഡരികൽ മാലിന്യം നിക്ഷേപിച്ച് തിരികെ വരുന്നതിനിടെയാണ്  ബൈക്കിലെത്തിയ സംഘം ഏബ്രഹാം വർഗീസിനെ  തടഞ്ഞു നിർത്തി മർദ്ദിച്ചത്.

രണ്ട് ബൈക്കുകളിലായെത്തിയ മൂന്ന് പേരാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിനിടെ ബൈക്കിൽ നിന്ന് താഴെ വീണ ഏബ്രഹാമിന്‍റെ തല കോൺക്രീറ്റ് റോഡിലിടിച്ചു. ബോധരഹിതനായ ഏബ്രഹാമിനെ ആക്രമിച്ചവർ  തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.ഇദ്ദേഹത്തിന്‍റെ ഇരുകാലിലെയും വിരലുകൾ ടാർറോഡിലുരഞ്ഞ് പരിക്കേറ്റ നിലയിലായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും ഏബ്രഹാം വർഗീസ് മരിച്ചിരുന്നു. കരസേനാ ഓർഡിനൻസ് ഫാക്ടറിയിൽ റിട്ടയേർഡ് ജനറൽ മാനേജറായിരുന്നു മരിച്ച എബ്രഹാം വർഗീസ്. നിലവിൽ ചെങ്ങന്നൂർ കോടതിയിലെ അഭിഭാഷകനായിരുന്നു.
 

click me!