വിളവെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെ സാമൂഹ്യവിരുദ്ധർ മത്സ്യകൃഷി നശിപ്പിച്ചതായി പരാതി

By Web TeamFirst Published Aug 10, 2021, 12:01 AM IST
Highlights

വിളവെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെ സാമൂഹ്യവിരുദ്ധർ മത്സ്യകൃഷി നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിലാണ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങിയത്

തിരുവനന്തപുരം: വിളവെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെ സാമൂഹ്യവിരുദ്ധർ മത്സ്യകൃഷി നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കാട്ടാക്കടയിലാണ് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. കുളം വറ്റിച്ച് മത്സ്യങ്ങളെ ഒരുമിച്ച് കുഴിച്ച് മൂടി.

ഡാൻസ് കൊറിയോഗ്രാഫറായ ദിലീപ് ഖാനും സഹോദരങ്ങളായ അൻവർ ഖാനും അൻസർ ഖാനുമാണ് കാട്ടാക്കട അഞ്ച്തെങ്ങിൻമൂട് പാട്ടത്തിന് സ്ഥലം എടുത്ത് കുളം കുഴിച്ച് മത്സ്യകൃഷി നടത്തിയത്. കലാകാരൻമാരായ സഹോദരങ്ങൾക്ക് ലോക്ഡൗണ്‍ കാലത്ത് പ്രതിസന്ധി കടുത്തതോടെയാണ് ചെറിയ നിക്ഷേപമിറക്കിയും കടംവാങ്ങിയും നാല് ലക്ഷത്തോളം മുടക്കി മത്സ്യകൃഷി നടത്തിയത്.

ഫിഷറീസ് വകുപ്പിന്‍റെ ലൈസൻസ്എടുത്തായിരുന്നു പ്രവർത്തനങ്ങൾ. റെഡ് തിലോപ്പിയ, രോഹു,കട്ട തുടങ്ങിയ ഇനങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. മാസം പതിനയ്യായിരത്തിലേറെ രൂപ തീറ്റക്ക് മാത്രം ചെലവാക്കിയിരുന്നു. എട്ട് മാസത്തെ അധ്വാനത്തിന് ശേഷം അടുത്തയാഴ്ചയാണ് വിളവെടുപ്പ് തീരുമാനിച്ചത്. ഇന്നലെയാണ് മീനുകൾ ചത്തുപൊങ്ങുന്നത് ആദ്യം ശ്രദ്ധിച്ചത്. ഇന്ന് രാവിലെയായതോടെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

കുളം വറ്റിച്ച് ചത്ത മീനുകളെ മുഴുവൻ മാറ്റി കുഴിച്ചുമൂടി. കുളത്തിന് സമീപമുള്ള പ്രദേശങ്ങൾ മദ്യപാനികളുടെ സ്ഥിരം സങ്കേതമാണ്.കുളത്തിൽ നിന്നും പലതവണ മദ്യകുപ്പികൾ നീക്കം ചെയ്തിരുന്നു. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചു.

click me!