സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

By Web TeamFirst Published Mar 2, 2024, 9:48 PM IST
Highlights

ടി.വി. പുരം കിഴക്കേ കണിയാംതറ വീട്ടിൽ ഷാരോൺ കെ എസ് (22) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം: വൈക്കത്ത് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.വി. പുരം കിഴക്കേ കണിയാംതറ വീട്ടിൽ ഷാരോൺ കെ എസ് (22) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ മാസം പതിനാലാം തീയതി വെളുപ്പിനെ 1.30 മണിയോടുകൂടി ചെമ്മനത്തുകര കൽപ്പകശ്ശേരി ഭാഗത്ത് വച്ച് ടി.വി പൂരം ചേരിക്കൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

ഇവർ സംഘം ചേർന്ന് യുവാവിന്റെ സുഹൃത്തിനെ ഇവിടെ വച്ച് മർദ്ദിക്കുകയും ഇത് കണ്ട് യുവാവ് തടയുകയുമായിരുന്നു. തുടർന്ന് ഇവർ സംഘം ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, വടികൊണ്ട് ഇയാളുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് യുവാവിനോടും, യുവാവിന്റെ സുഹൃത്തിനോടും മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവരെ സംഘം ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിനീഷിനെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഷാരോണ്‍ കൂടി പൊലീസിന്റെ പിടിയിലാവുന്നത്. വൈക്കം സ്റ്റേഷൻ എസ് എച്ച് ഒ ദ്വിജേഷ്, എസ് ഐ മാരായ പ്രദീപ് എം, വിജയ പ്രസാദ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം സ്റ്റേഷനില്‍ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.

click me!