മാസ്ക്കും സാനിറ്റൈസറും ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; നഷ്ടപ്പെട്ടത് 10,000 രൂപ

By Web TeamFirst Published Jun 10, 2020, 12:31 AM IST
Highlights

15 ലിറ്റര്‍ സാനിറ്റൈസറും നൂറ് മാസ്ക്കുകളുമാണ് ഓര്‍ഡര്‍ ചെയ്തത്. സൈനികനാണെന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചയാള്‍ സൈനികനാണെന്ന് വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും പാന്‍ കാര്‍ഡും അടക്കമുള്ളവയുടെ ചിത്രങ്ങളും വാട്സ്ആപ് വഴി അയച്ചു കൊടുത്തു

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടുന്ന സംഘം വീണ്ടും സജീവം. കോഴിക്കോട്ടെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഫോണ്‍ വഴി മാസ്ക്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് നടക്കാവിലെ ഒരു മെഡിക്കല്‍ ഷോപ്പിലേക്കാണ് ഫോണ്‍ കോള്‍ വന്നത്. 15 ലിറ്റര്‍ സാനിറ്റൈസറും നൂറ് മാസ്ക്കുകളുമാണ് ഓര്‍ഡര്‍ ചെയ്തത്.

സൈനികനാണെന്ന് പറഞ്ഞായിരുന്നു സംസാരിച്ചത്. ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ചയാള്‍ സൈനികനാണെന്ന് വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും പാന്‍ കാര്‍ഡും അടക്കമുള്ളവയുടെ ചിത്രങ്ങളും വാട്സ്ആപ് വഴി അയച്ചു കൊടുത്തു. സാധനങ്ങള്‍ തയ്യാറാക്കി വയ്ക്കൂ പണം ഓണ്‍ലൈനായി നല്‍കാമെന്നും വിളിച്ചയാള്‍ അറിയിച്ചു.

ഇതിന് ശേഷം പണം ലഭിക്കാനുള്ള ക്യൂആര്‍കോഡാണ് അയച്ച് കൊടുത്തത്. ഇത് സ്കാന്‍ ചെയ്ത് പ്രോസസിംഗ് നടത്തിയതോടെ മെഡിക്കല്‍ ഷോപ്പുടമയ്ക്ക് നഷ്ടമായത് പതിനായിരം രൂപയാണ്. മെഡിക്കല്‍ ഷോപ്പുടമ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പുകാരന്‍ വിളിച്ച ഫോണ്‍ നമ്പര്‍ ഇപ്പോള്‍ അസമിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിന് ഇരയായ മെഡിക്കല്‍ ഷോപ്പിന്‍റെ കോഴിക്കോട് നഗരത്തിലുള്ള മറ്റൊരു ശാഖയിലടക്കം നഗരത്തിലെ ചില കടകളിലേക്ക് ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ എത്തിയിട്ടുണ്ട്. 

click me!