വായ്പ വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; പരസ്യംകണ്ട് ഇരയാകുന്നത് നൂറുകണക്കിന് പേര്‍

By Web TeamFirst Published Sep 26, 2020, 8:12 AM IST
Highlights

കോഴിക്കോട് ജില്ലയില്‍ മാത്രം നിരവധി പേരാണ് ഇങ്ങനെ പറ്റിക്കപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് കമ്പനികളെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് എളുപ്പത്തിൽ കഴിയുന്നില്ല എന്നതും ഇവര്‍ക്ക് സഹായമാകുന്നു.

കോഴിക്കോട്: ഓണ്‍ലൈനിലൂടെ ലോണ്‍ വാഗ്‍ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് പേരാണ്. പതിനായിരക്കണക്കിന് രൂപയാണ് വായ്പ വാഗ്‍ദാനങ്ങളിൽ വീണ് പലര്‍ക്കും നഷ്ടമായത്. 

ലോക്ഡൗണ്‍ കാലത്ത് സാമ്പത്തിക മിക്കവരും ഞെരുക്കത്തിലാണെന്നതാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ മുതലാക്കുന്നത്. ഫെയ്സ്ബുക്കില്‍ നിറയെ പരസ്യങ്ങള്‍. അര മണിക്കൂറിനുള്ളില്‍ ലോണ്‍ നല്‍കുമെന്ന് വരെയാണ് വാഗ്‍ദാനം.

കോഴിക്കോട് നഗരത്തില്‍ കട നടത്തുന്ന 46 വയസുകാരന്‍ ഒരു ലക്ഷം രൂപ ലോണിനാണ് ഫെയ്സ്ബുക്കില്‍ പരസ്യം കണ്ട കമ്പനിയില്‍ അപേക്ഷിച്ചത്. നഷ്ടമായത് 17,000 രൂപ.

തട്ടിപ്പിന്‍റെ വഴി ഇങ്ങനെ

ആദ്യം 1250 രൂപ പ്രോസസിംഗ് ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടും. ഇത് അടച്ച് കഴിഞ്ഞാല്‍ അടുത്ത വിളിയെത്തും. കോർട്ട് ഓര്‍ഡര്‍ തയ്യാറാക്കാന്‍ വേണ്ട മുദ്രപത്രത്തിനും മറ്റുമായി 5000 രൂപ അയക്കണം. ഇതും അയച്ച് കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് തുക വേണമെന്നാകും. ഇങ്ങനെ വിവിധ കാരണങ്ങള്‍ പറഞ്ഞ് പരമാവധി കാശ് കൈക്കലാക്കുക എന്നതാണ് തട്ടിപ്പ് രീതി.

തട്ടിപ്പിന്‍റെ നിജസ്ഥിതി അറിയാന്‍ ഞങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ ഇമെയില്‍ ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി. ഉടന്‍ വിളിയെത്തി. പ്രാഥമിക അന്വേഷണങ്ങള്‍ മാത്രം. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍‍ ലോണ്‍ തയ്യാറാണെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടി. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് നല്‍കിയാല്‍ ലോണ്‍ അനുവദിക്കാമെന്ന് പഞ്ചാബിലെ മ്യൂച്ചല്‍ ഫിന്‍ കമ്പനിയിൽ നിന്നുള്ള വാഗ്‍ദാനം .

കോഴിക്കോട്ടെ കച്ചവടക്കാരനില്‍ നിന്ന് 17,000 രൂപ തട്ടിയെടുത്ത അതേ കമ്പനിയില്‍ നിന്നാണ് ഞങ്ങള്‍ക്കും ഈ വാഗ്‍ദാനം കിട്ടിയത്. കൊവിഡ് കാലത്തെ പ്രതിസന്ധി മുതലെടുക്കാനായി ഓണ്‍ലൈനുകളില്‍ കെണിയൊരുക്കി കാത്തിരിക്കുകയാണ് ഇത്തരത്തിലുള്ള കമ്പനികള്‍. ഓണ്‍ലൈന്‍ തട്ടിപ്പ് കമ്പനികള്‍ക്കെതിരെ കാര്യമായ നിയമനടപടി ഉണ്ടാകുന്നില്ലെന്നത് തട്ടിപ്പ് സംഘങ്ങള്‍ക്ക് വളമാവുകയും ചെയ്യുന്നു.

കോഴിക്കോട് ജില്ലയില്‍ മാത്രം നിരവധി പേരാണ് ഇങ്ങനെ പറ്റിക്കപ്പെട്ടിരിക്കുന്നത്. തട്ടിപ്പ് കമ്പനികളെ കണ്ടെത്താന്‍ അന്വേഷണ സംഘങ്ങള്‍ക്ക് എളുപ്പത്തിൽ കഴിയുന്നില്ല എന്നതും ഇവര്‍ക്ക് സഹായമാകുന്നു.

click me!