കുട്ടിയെ ജോലിക്ക് നിർത്തി, ചട്ടുകം വച്ച് പൊള്ളിച്ചു, ആ ഫ്ലാറ്റുടമ ജുവനൈൽ കേസിലും പ്രതി

By Web TeamFirst Published Dec 14, 2020, 3:30 PM IST
Highlights

ജുവനൈൽ ആക്ട് പ്രകാരം മുമ്പും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്ന് പൊലീസ് ദുർബലമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയതെന്നും വനിതാകമ്മീഷൻ വ്യക്തമാക്കുന്നു.

കൊച്ചി: വീട്ടുജോലിക്കാരി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദ് ഇതിന് മുമ്പും 14 വയസ്സുള്ള കുട്ടിയെ വീട്ടിൽ നിർത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതിയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനാണ് ഈ കേസിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. അന്ന് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പിന്നീട് പെൺകുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേസ് തള്ളിപ്പോവുകയായിരുന്നു. ഇപ്പോഴുണ്ടായ കേസിലും ദുരൂഹതയുണ്ടെന്നും ഗൗരവമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എം സി ജോസഫൈൻ മാധ്യമങ്ങളോട് പറ‌ഞ്ഞു.

കേസിൽ വനിതാ കമ്മീഷൻ എറണാകുളം സെൻട്രൽ സിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 2010-ൽ റജിസ്റ്റർ ചെയ്ത് തള്ളിപ്പോയ കേസിൽ പുനരന്വേഷണം വേണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെടുന്നു.   

2010-ലാണ് വനിതാകമ്മീഷൻ ചൂണ്ടിക്കാണിക്കുന്ന പഴയ കേസ് റജിസ്റ്റർ ചെയ്യപ്പെടുന്നത്.   ഫ്ലാറ്റിൽ തേനി സ്വദേശിയായ 14 വയസ്സുള്ള കുട്ടിയെ ജോലി ചെയ്യിച്ചുവെന്നതാണ് അഹമ്മദ് ഇംതിയാസിനും ഭാര്യയ്ക്കും എതിരെയുള്ള കുറ്റം. ജോലി ചെയ്യുന്നില്ലെന്ന് പറഞ്ഞ് കുട്ടിയെ അടിക്കുകയും കുട്ടിയുടെ നെഞ്ചത്ത് ചട്ടുകം വച്ച് പൊള്ളിക്കുകയും ചെയ്തെന്നതാണ് പരാതി. ഇതിൽ കേസ് റജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും പിന്നീട് പെൺകുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേസ് തള്ളിപ്പോവുകയായിരുന്നു. ഇത് ഒത്തുതീർത്തതാണെന്ന ആരോപണം അന്നേ ഉയർന്നതാണെന്നും, കേസിൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ ചുമത്തിയില്ലെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നെന്നും ഇപ്പോൾ വിവരങ്ങൾ പുറത്തുവരുന്നു. 

ഫ്ലാറ്റുടമയായ ഹൈക്കോടതി അഭിഭാഷകൻ ഇംതിയാസും കുടുംബവും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ അന്വേഷിച്ച് എറണാകുളം സെൻട്രൽ പൊലീസ് ഫ്ലാറ്റിൽ എത്തിയിരുന്നു. രണ്ടുദിവസമായി ഇവിടെയെത്തിയിട്ടില്ലെന്ന മറുപടിയാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് പൊലീസിന് കിട്ടിയത്. അഭിഭാഷകനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ മുൻകൂ‍ർ ജാമ്യത്തിനുളള സാധ്യതകളും അഭിഭാഷകൻ തേടുന്നതായി സൂചനയുണ്ട്. 

ഇന്നലെ പുലർച്ചെ കൊച്ചി മരടിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് കുമാരി മരിച്ചത്. തുടർ പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്നും വ്യക്തമായി. ഇതേത്തുടർന്നാണ് പോസ്റ്റുമോർട്ടം അടക്കമുളള തുടർ നടപടികൾക്ക് കാലതാമസം നേരിട്ടത്. 

click me!