സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ യുവതിയുടെ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു

ആഗ്ര: ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിലാണ് ജനുവരി 24നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്. സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ യുവതിയുടെ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. 12 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്. യുവതിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടെ യുവതിയെ എട്ട് തവണയിലേറെ കുത്തി കൊലപ്പെടുത്തിയ ശേഷം ശിരസ് അറുത്തുമാറ്റിയെന്നാണ് വിനയ് രാജ്പുത് പൊലീസിനോട് വിശദമാക്കിയത്. 

ഓഫീസിലേക്ക് വിളിച്ച് വരുത്തി കൊലപാതകം

യമുനാ നദിയിൽ മൃതദേഹം തള്ളാനുള്ള പദ്ധതിയിലായിരുന്നു യുവാവ്. എന്നാൽ ചാക്കിലെ ഭാരം താങ്ങാനാവാതെ വന്നതോടെ ജവഹർ നഗറിലെ പാലത്തിൽ നിന്ന് മൃതദേഹ ഭാഗം വലിച്ചെറിഞ്ഞ് യുവാവ് രക്ഷപ്പെടുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നും വിനയ് പൊലീസിനോട് വിശദമാക്കി.ഓഫീസിൽ വച്ചാണ് മൃതദേഹം കഷ്ണമാക്കി മുറിച്ച് ചാക്കിലാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം. സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ വിഭാഗം ജീവനക്കാരിയായിരുന്നു യുവതി.തല ഓടയിൽ വലിച്ചെറിഞ്ഞുവെന്നാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത്. യുവതിയുടെ ശിരസ് ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ സംശയം തോന്നാതിരിക്കാൻ മിങ്കിയുടെ ബന്ധുക്കളുമായി ഇയാൾ നിരന്തരം സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം