പി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ സംഘം: വീട്ടിലില്ലെന്ന് മറുപടി, മടങ്ങി

By Web TeamFirst Published Aug 20, 2019, 7:18 PM IST
Highlights

പി ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. പി ചിദംബരത്തിനെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. സിബിഐയും എൻഫോഴ്‍സ്മെന്‍റും ചിദംബരത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു. 

ദില്ലി: മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ദില്ലിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ദില്ലി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം സുപ്രീംകോ‍ടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ നീക്കം.

എന്നാൽ ചിദംബരം വീട്ടിലില്ലെന്ന വിവരം നൽകിയതോടെ സിബിഐ സംഘം പ്രാഥമിക വിവരങ്ങൾ അന്വേഷിച്ച് മടങ്ങിപ്പോയി. എന്നാൽ അതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് സംഘം എത്തി. സിബിഐ മടങ്ങിയതിന് പിന്നാലെയാണ് ജോർബാഗിലെ വസതിയിലേക്ക് നാലംഗസംഘമെത്തിയത്. 

Delhi: A team of Central Bureau of Investigation (CBI) officers arrives at the residence of P Chidambaram. Earlier today, Delhi High Court had dismissed his both anticipatory bail pleas in connection with INX Media case. pic.twitter.com/Zjn4XDiJk7

— ANI (@ANI)

ദില്ലി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കപിൽ സിബലിന്‍റെ നേതൃത്വത്തിലുള്ള നിയമവിദഗ്‍ധരുടെ സംഘമാണ് സുപ്രീംകോടതിയിൽ ദില്ലി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അപേക്ഷ നൽകുക. എത്രയും പെട്ടെന്ന് അപേക്ഷ പരിഗണിക്കണമെന്ന് നിയമസംഘം ആവശ്യപ്പെടാനിരിക്കുകയാണ്. 

പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്, 

എന്നാൽ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തന്നെ രാഷ്ട്രീയകാരണങ്ങളാൽ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു. 

മുൻകൂർ ജാമ്യഹർജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി ''നിരവധി'' രേഖകളാണ് ചിദംബരത്തിനെതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ, നേരത്തേ ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

''ഇത്ര വലിയൊരു സാമ്പത്തിക അഴിമതി നടന്നുവെന്ന കേസിൽ, ശക്തമായ നടപടി ആവശ്യമാണ്. ഇരുമ്പുകരങ്ങൾ കൊണ്ടുവേണം ഇത്തരം കേസുകളെ കൈകാര്യം ചെയ്യാൻ. അന്വേഷണ ഏജൻസികളെ ഇത്തരം കേസിൽ കെട്ടിയിടാനാകില്ല'', കോടതി നിരീക്ഷിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്നും, മറുപടികൾ അലസമായിരുന്നുവെന്നും, കൃത്യതയില്ലാത്തതായിരുന്നുവെന്നും കോടതി പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കാർത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാർത്തിയെ സിബിഐ കസ്റ്റഡിയിൽ വച്ചത്. എല്ലാ ദിവസവും മണിക്കൂറുകളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റും ഇതേ കേസിൽ കാർത്തിയെ പല വട്ടം ചോദ്യം ചെയ്തിരുന്നതാണ്. 

അഴിമതി നടക്കുന്ന കാലത്ത് ഐഎൻഎക്സ് മീഡിയ എന്ന ടെലിവിഷൻ കമ്പനിയുടെ ഉടമകളായിരുന്നത് പീറ്റർ, ഇന്ദ്രാണി മുഖർജി ദമ്പതികളാണ്. സ്വന്തം മകളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലാണ് ഇരുവരും. 

കേസുമായി ബന്ധപ്പെട്ട് ഇരുവരും കാർത്തി ചിദംബരത്തിനും പി ചിദംബരത്തിനുമെതിരെ മൊഴിയും നൽകിയിരുന്നു. 

click me!