
കോട്ടയം: കോട്ടയം പാലാ ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി കത്ത് എഴുതിയ ആള്‍ അറസ്റ്റില്‍. പാലായിലും സമീപ പ്രദേശങ്ങളിലും പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രാദേശികമായി അറിയപ്പെടുന്നയാളാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ പാലായിൽ എത്തുന്ന ദിവസമാണ് പാലാ ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശമെഴുതിയ കത്ത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയത്.
കോട്ടയം പ്രസ് ക്ലബിലെ ന്യൂസ് ബോക്സില്‍ നിന്നും സമാനമായ കത്ത് പൊലീസ് കണ്ടെടുത്തിരുന്നു. ഗോവിന്ദനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും എതിരായ മോശം പരാമര്‍ശങ്ങളും കത്തില്‍ ഉണ്ടായിരുന്നു. നാലു ദിവസമായി പൊലീസ് നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പാലാ പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കല്‍ അറസ്റ്റിലായത്. പാലാ മേഖലയില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് ജെയിംസ്. പൊലീസിന് മുന്നില്‍ ജെയിംസ് കുറ്റം സമ്മതിച്ചില്ല.
എന്നാല്‍ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്ള സാഹചര്യത്തിലാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത് എന്ന് പൊലീസ് അറിയിച്ചു. ജോസ് കെ മാണി എംപിയുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്‍റെ പേരില്‍ തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് അറസ്റ്റ് വിവരം അറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജെയിംസ് വിളിച്ചു പറഞ്ഞത്. മുമ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒറ്റയാള്‍ സമരമടക്കം നടത്തിയും ജെയിംസ് വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam