
പാലക്കാട്: ജില്ലാ ആശുപത്രിയിലെയും പരിസരത്തെയും നിർത്തിയിട്ട ബൈക്കുകൾ മോഷ്ടിക്കുന്ന പൊള്ളാച്ചി സ്വദേശിയാണ് അറസ്റ്റിലായത്. സൂരക്കൽ, സെൻനിയൂർ, അഴഗർ സെറ്റി പാളയത്തിൽ മുഹമ്മദ് ഫൈസലിനെ (32) യാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റകയ്യനായ ഇയാൾ സ്ഥിരമായി ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് വാഹനം മോഷ്ടിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബൈക്ക് മോഷണം പോയതായി നെന്മാറ സ്വദേശി നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്.
മുമ്പും ഇത്തരം മോഷണം നടത്തിയിട്ടുള്ള ഫൈസലിന്റെ സാന്നിദ്ധ്യം ജില്ലാ ആശുപത്രിയിലും പരിസരത്തും കണ്ടതോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നെന്മാറ സ്വദേശിയുടെ ബൈക്കും മോഷ്ടിച്ചത് താനാണെന്ന് ഫൈസൽ മൊഴി നൽകി. നമ്പർ പ്ലേറ്റ് മാറ്റി ഫൈസൽ സ്വന്തമായി ബൈക്ക് ഉപയോഗിക്കുകയായിരുന്നു. ഇതേ ബൈക്കിലാണ് പ്രതി ജില്ലാ ആശുപത്രിയിലും എത്തിയത്. ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്.
ഒഎൽഎക്സിൽ വാഹന വിൽപ്പന, ജിപിഎസ് സഹായത്തോടെ വീണ്ടും തട്ടിയെടുത്ത് മുങ്ങും, മലപ്പുറം സ്വദേശികൾ അറസ്റ്റിൽ
കൊച്ചി: ഒഎൽഎക്സ് വഴി വാഹന വിൽപ്പന നടത്തിയശേഷം ജിപിഎസിന്‍റെ സഹായത്തോടെ കാർ മോഷ്ടിക്കുന്ന സംഘം കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. പരപ്പനങ്ങാടി സ്വദേശികളായ ഇക്ബാൽ, മുഹമ്മദ് ഫാസിൽ അരിയല്ലൂർ സ്വദേശി ശ്യം മോഹൻ എന്നിവരെ കൊച്ചി പാലാരിവട്ടം പൊലീസാണ് അറസ്റ്റുചെയ്തത്. ഒഎൽഎക്സിൽ പരസ്യം കണ്ടതിനെത്തുടർന്ന് ഈ മാസം എട്ടിനാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പരാതിക്കാരൻ പ്രതികളെ ബന്ധപ്പെട്ടത്.
ഹുണ്ടായ് വെർണ കാർ വിൽപ്പനയ്ക്കോ അല്ലെങ്കിൽ പണയത്തിനോ എന്നായിരുന്നു പരസ്യം. വാഹനം ഇഷ്ടപ്പെട്ട നെടുമങ്ങാട് സ്വദേശി പണം നൽകി കോഴിക്കോട്ട് നിന്ന് വാഹനം സ്വന്തമാക്കി. തിരുവനന്തപുരത്തേക്ക് മടങ്ങും വഴി പാലാരിവട്ടത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി. തിരികെയെത്തിയപ്പോൾ വാഹനം നഷ്ടപ്പെട്ടിരുന്നു.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. വിറ്റ കാറിൽ ജിപിഎസ് ഘടിപ്പിച്ച ശേഷം പ്രതികൾ പിന്തുടർന്ന്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് പാലാരിവട്ടത്തെ ഹോട്ടൽ പരിസരത്തുനിന്ന് വാഹനവുമായി കടന്നു കളയുകയും ചെയ്തു. ഇതേ കാർ കഴിഞ്ഞ ജനുവരിയിൽ പളളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം സമാനരീതിയിൽ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാർ വിൽക്കാമേന്ന് പറഞ്ഞ് വളപട്ടണം സ്വദേശിയുടെ പക്കൽ നിന്ന് ആറുലക്ഷം രൂപ വാങ്ങിയതിന് ആദ്യ രണ്ടു പ്രതികൾക്കെതിരെ മറ്റൊരു കേസുണ്ട്. തട്ടിപ്പിനുപയോഗിച്ച കാർ പ്രതികൾ പാലക്കാട് സ്വദേശിയിൽ നിന്നാണ് വാങ്ങിയത്. എന്നാൽ മുഴുവൻ പണവും നൽകാതെ കബളിപ്പിച്ചതിന് മറ്റൊരു പരാതിയും നിലവിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam