അരയടിയോളം വലുപ്പം വരുന്ന വിഷ്ണു വിഗ്രഹമാണ് ലഭിച്ചതെന്നാണ് വിവരം. പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ജനാര്‍ദനഗുഡി പൊളിച്ചു നീക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് പഴക്കംചെന്ന വിഗ്രഹം കിട്ടിയത്

കല്‍പ്പറ്റ: കേന്ദ്ര പുരാവസ്തുവകുപ്പ് ഏറ്റെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള പനമരത്തെ കല്ലമ്പലങ്ങളായ ജനാര്‍ദനഗുഡിയുടെയും വൈഷ്ണവഗുഡിയുടെയും പുനരുദ്ധാരണപ്രവൃത്തികള്‍ നടക്കുകയാണ്. ഇതിനിടെ ശ്രീകോവില്‍ പൊളിച്ചപ്പോഴാണ് പുരാതനവിഗ്രഹം (Ancient Idol) ലഭിച്ചത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത അധികൃതര്‍ വിഗ്രഹം ശാസ്ത്രീയ പരിശോധനക്കായി തൃശ്ശൂരിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. അരയടിയോളം വലുപ്പം വരുന്ന വിഷ്ണു വിഗ്രഹമാണ് ലഭിച്ചതെന്നാണ് വിവരം. പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ജനാര്‍ദനഗുഡി പൊളിച്ചു നീക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് പഴക്കംചെന്ന വിഗ്രഹം കിട്ടിയത്. കേന്ദ്ര പുരാവസ്തുവകുപ്പ് തൃശ്ശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ട് മൂര്‍ത്തേശ്വരി, ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പി.വി. ഷാജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തിയിരുന്നു. പൊതുജനങ്ങള്‍ ക്ഷേത്രത്തിനകത്തേക്ക് കടക്കാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പൊളിക്കല്‍ പ്രവൃത്തി നിര്‍ത്തിവെച്ചിരുന്നു. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതോടെ താത്കാലികമായി നിര്‍ത്തിവെച്ച പ്രവൃത്തികള്‍ തിങ്കളാഴ്ച പുനരാരംഭിച്ചു.

വിഗ്രഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അടുത്ത ദിവസം പുരാവസ്തു ഗവേഷകര്‍ സ്ഥലത്തെത്തി ശ്രീകോവിലിന്റെ അടിത്തറയിലെ മൂന്നടിയോളം താഴ്ചയിലുള്ള മണ്ണ് നീക്കം ചെയ്ത് പരിശോധിക്കും. മണ്ണിനടിയില്‍ ഇനിയും വിഗ്രഹങ്ങളോ നാണയങ്ങളോ ഉണ്ടോ എന്നാണ് പരിശോധിക്കുക. വിഗ്രഹത്തിന്റെ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നല്‍കുമെന്ന് ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പി.വി. ഷാജു അറിയിച്ചു.

കഴിഞ്ഞ ഒമ്പതിനാണ് കല്ലമ്പലം പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തൊഴിലാളികള്‍ ക്രെയിനിന്റെ സഹായത്തോടെ കല്ലുകള്‍ ഓരോന്നായി പൊളിച്ചെടുത്ത് നമ്പറിട്ട ശേഷം ക്ഷേത്രത്തിന് പിറകില്‍ അടുക്കിവെക്കുന്ന പ്രവൃത്തികളായിരുന്നു തുടങ്ങിയത്. കല്‍ത്തൂണുകളും കൂറ്റന്‍ കരിങ്കല്‍ പാളികളും ഉപയോഗിച്ച് നിര്‍മിച്ച ജനാര്‍ദനഗുഡി ഈ ആഴ്ചയോടെ പൂര്‍ണമായും പൊളിച്ചു നീക്കാന്‍ സാധിക്കുമെന്നാണ് പുരാവസ്തുവകുപ്പിന്റെ വിലയിരുത്തല്‍. മുഴുവനായും പൊളിച്ചു നീക്കിയ ശേഷം പൂര്‍വസ്ഥിതിയില്‍ ക്ഷേത്രം പുതുക്കിപ്പണിയാനാണ് പദ്ധതി. അതിപുരാതന ചരിത്രശേഷിപ്പുകളുള്ള രണ്ട് കല്ലമ്പലങ്ങളാണ് പഴമ ചോരാതെ പുതുക്കിയെടുക്കുന്നത്. പുഞ്ചവയല്‍-നീര്‍വാരം റോഡരികിലുള്ള ജനാര്‍ദനഗുഡിയും, പനമരം-നടവയല്‍ റോഡിലെ കായക്കുന്ന് പുത്തങ്ങാടിയിലെ വിഷ്ണു ഗുഡിയും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ദേശീയ സ്മരാകമായി പ്രഖ്യാപിച്ചതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്ലമ്പലങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പൗരാണികത നഷ്ടപ്പെടുത്താതെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അധികൃതര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

ഒൻപത് വരെ ക്ലാസ്സുകളിലെ പരീക്ഷകൾ ഏപ്രിൽ പത്തിനകം തീ‍ർക്കും; ക്ലാസുകൾ മാർച്ച് 31 വരെ

ഇളവ് വേണ്ട, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിൻ്റെ തീരുമാനം; പൊങ്കാല പണ്ടാരഅടുപ്പിലും വീട്ടിലും

ഹിജാബ് നിരോധനത്തിൽ വാദം തുടരും, ഇടക്കാല ഉത്തരവ് ദുരുപയോഗം ചെയ്യുന്നതിനാൽ ഇടപെടണമെന്ന ഹർജി തള്ളി

സർവേക്ക് മാത്രമല്ലേ അനുമതി, ജനങ്ങളെ കബളിപ്പിക്കുന്നോ? സിൽവർ ലൈനിൽ സർക്കാരിനെതിരെ പ്രതിപക്ഷനേതാവ്

ജിന്നയ്ക്കൊപ്പം ഹിജാബില്ലാത്ത മുസ്ലിം പെൺകുട്ടികൾ; പാക്ക് പത്രത്തിലെ ചിത്രം ട്വിറ്ററിൽ ചർച്ച