
പാലക്കാട്: മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർത്തുള്ള മോഷണ ശ്രമത്തില്‍ സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതിയെ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മണ്ണാര്‍ക്കാട് എളുമ്പലാശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം ആണ് തകർക്കാൻ ശ്രമിച്ചത്. പുലർച്ചെ നാല് മണിയോടെ സംഭവം. പടക്കംവച്ച് മെഷീൻ തകർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍, ജാഗ്രതാ അലാറം മുഴങ്ങിയതോടെ പ്രതിയുടെ പദ്ധതികളെല്ലാം പാളി.
നീല ഷർട്ടിട്ട, മുഖം മറച്ച ഒരാൾ എടിഎം കൗണ്ടറിൽ കടക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ കയ്യുറയും ധരിച്ചിട്ടുണ്ട്. എടിഎമ്മിന്‍റെ സമീപത്ത് ഇരുന്ന് പടക്കം വയ്ക്കുന്നതും പിന്നാലെ തീ കൊളുത്തുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. അല്‍പ്പസമയത്തിനകം പടക്കം പൊട്ടി. കൗണ്ടറിലാകെ പുക നിറഞ്ഞു. പക്ഷേ, മോഷണശ്രമം വിജയിച്ചില്ല. ജാഗ്രതാ അലാറം മുഴങ്ങിയതോടെ പ്രതിക്ക് അപകടം മണത്തു.
ഇതിനിടെ പടക്കം പൊട്ടിയതോടെ ബാങ്ക് മാനേജർക്കും അപകട അറിയിപ്പ് കിട്ടി. ഉടനെ മണ്ണാർക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു. അതേസമയം, തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കഴിഞ്ഞ രാത്രിയാണ് നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, തേനിമല ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം, കലശപ്പാക്കം ഭാഗത്ത് പ്രവർത്തിക്കുന്ന വൺഇന്ത്യയുടെ എടിഎം, പോലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം എന്നിവ ഒരേ സമയം തകർത്ത് പണം കവരുകയായിരുന്നു.