Latest Videos

'ആർഭാട ജീവിതം തുടരാൻ ഹണിട്രാപ്പ്; ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്തിയത് രണ്ടാഴ്ച കൊണ്ട്'; അന്വേഷണം ഊര്‍ജിതം

By Web TeamFirst Published Aug 31, 2022, 12:08 PM IST
Highlights

തേൻകെണിയൊരുക്കാൻ  സഹായിച്ചവരെ തേടിയാണ് പൊലീസ് അന്വേഷണം. അറസ്റ്റിന് പിന്നാലെ റീൽസിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണ്. 

പാലക്കാട്: പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സൂചന നൽകി പൊലീസ്. തേൻകെണിയൊരുക്കാൻ  സഹായിച്ചവരെ തേടിയാണ് പൊലീസ് അന്വേഷണം. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ദേവു-ഗോകുൽ ദമ്പതികൾക്ക് അരലക്ഷത്തിലേറെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സ് ഉണ്ട്. അറസ്റ്റിന് പിന്നാലെ റീൽസിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണ്. 

മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ഇൻസ്റ്റഗ്രാമില്‍ ദേവു-ഗോകുൽ ദമ്പതികളുടെ റീൽസുകൾ എത്തിയിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത ലഭിച്ചിരുന്നു. പക്ഷേ, അറസ്റ്റ് വാർത്ത വന്നതോടെ, കഥമാറി. റീൽസിന് താഴെ അധിക്ഷേപ കമന്റുകളുടെ പെരുമഴയാണിപ്പോള്‍. ആർഭാട ജീവിതമായിരുന്നു ദേവു-ഗോകുൽ ദമ്പതികളുടേത് രീതി. ഇത് തുടരാൻ പണക്കാരെ ഉന്നംവച്ച് ഹണിട്രാപ്പ് ഒരുക്കി എന്നാണ് പൊലീസ് കണ്ടെത്തൽ. 

ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്താൻ രണ്ടാഴ്ച മാത്രമാണ് എടുത്തതെന്ന് പൊലീസ് പറയുന്നു. ഹണിട്രാപ്പിൽ പെട്ടാൽ പലരും പരാതിപ്പെടില്ല എന്നതായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ഇവര്‍ കുടുക്കിയ എല്ലവരുടേയും പ്രായം 25ൽ താഴെയാണ്. ഇരയുടെ വിശ്വാസം ആർജിക്കുന്നത് വരെ സാമൂഹിക മാധ്യമങ്ങളിലൂടെ മാത്രമാണ് പ്രതികൾ ബന്ധപ്പെടുക. വിശ്വാസം ഉറപ്പിക്കാൻ ഏതറ്റംവരേയും പോകും. പെൺകുട്ടിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. അതിനാണ് യാക്കരയിൽ മൂപ്പതിനായിരം രൂപ മാസ വാടകയിൽ 11 മാസത്തേക്ക് വീട് പോലും വാടകയ്ക്ക് എടുത്തത്. വ്യവസായിയെ കൊടുങ്ങല്ലൂരിലെ  ഫ്ലാറ്റിലേക്ക് മാറ്റി കൂടുതൽ പണം തട്ടാനുളള യാത്രയ്ക്കിടെയാണ് പരാതിക്കാരൻ രക്ഷപ്പെട്ടത്. ഇക്കാരണത്താൽ തന്നെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സമാന കെണിയിൽ മറ്റാരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മുഖ്യസൂത്രധാരൻ പാലാ സ്വദേശി ശരത്തിനെതിരെ മോഷണം ഭവനഭേദനം അടക്കം പന്ത്രണ്ടോളം കേസുണ്ട്.

click me!