പൊള്ളാച്ചിയില്‍ മലയാളിയുടെ നോട്ടിരിട്ടിപ്പ് തട്ടിപ്പ്; വ്യവസായിയെ പറ്റിച്ച് തട്ടിയത് 5 ലക്ഷം, അറസ്റ്റ്

By Web TeamFirst Published Aug 20, 2022, 11:15 PM IST
Highlights

അഞ്ചുലക്ഷം വാങ്ങിയ ശേഷം പത്ത് ലക്ഷം രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് വലിയൊരു പായ്ക്കറ്റ് തിരികെ നൽകി. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത് നോട്ടിന്റെ വലുപ്പത്തിൽ മുറിച്ച കടലാസുകെട്ടുകളാണ്.

പൊള്ളാച്ചി: തമിഴ് നാട് പൊള്ളാച്ചിയിൽ നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യവസായിയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പാലക്കാട് മേനമ്പാറ സ്വദേശി ഷൺമുഖമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പൊള്ളാച്ചിയ്ക്കടുത്ത ഒടിയകുളത്ത് സൂപ്പർമാർക്കറ്റ് നടത്തുന്ന രാജേന്ദ്രനാണ് തട്ടിപ്പിന് ഇരയായത്. 

പണം നൽകിയാൽ ഇരട്ടിയായി തിരിച്ചു നൽകാമെന്നു പറഞ്ഞാണ് ഷൺമുഖം രാജേന്ദ്രനെ ബന്ധപ്പെടുന്നത്. പൊള്ളാച്ചി മുല്ലുപടി റെയിൽവെ സ്റ്റേഷനു സമീപത്തു വച്ച് രാജേന്ദ്രൻ 25000 രൂപ ഷൺമുഖത്തിനു നൽകി. ഇയാൾ ഇത്, 50000 രൂപയുടെ കള്ളപ്പണമായി തിരികെ നൽകി വിശ്വാസം സമ്പാദിച്ചു. തുടർന്ന് രാജേന്ദ്രനെ വീണ്ടും ഫോണിൽ വിളിച്ച്, അഞ്ചു ലക്ഷം തന്നാൽ പത്തുലക്ഷമായി തിരിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി. പഴയ സ്ഥലത്തുതന്നെ എത്തി രാജേന്ദ്രൻ 5 ലക്ഷം രൂപ ഷണ്‍മുഖത്തിന് കൈമാറി.

ബന്ധുവായ ബാലകൃഷ്ണമൂർത്തിയും സുഹൃത്ത് സതീഷ് കുമാറും രാജേന്ദ്രന് ഒപ്പമുണ്ടായിരുന്നു. അഞ്ചുലക്ഷം വാങ്ങിയ ശേഷം പത്ത് ലക്ഷം രൂപയുണ്ടെന്ന് വിശ്വസിപ്പിച്ച് വലിയൊരു പായ്ക്കറ്റ് തിരികെ നൽകി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എത്താൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി രാജേന്ദ്രനെ പാക്കറ്റ് തുറന്ന് പണം എണ്ണിനോക്കാൻ അനുവദിച്ചില്ല. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ചപ്പോൾ കണ്ടത് നോട്ടിന്റെ വലുപ്പത്തിൽ മുറിച്ച കടലാസുകെട്ടുകളാണ്. ചതി മനസിലായപ്പോൾ ഷൺമുഖത്തെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. 

Read More :  ചേര്‍ത്തലയില്‍ ലോഡ്ജിന് തീപിടിച്ചു, കൊറിയര്‍ സര്‍വ്വീസ് സ്ഥാപനമടക്കം കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

തുടർന്നാണ് രാജേന്ദ്രൻ കിനാത്തുകടവ് പൊലീസിന് പരാതി നൽകിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ നിന്ന് ഇയാൾ പിടിയിലായത്. പ്രതിയിൽ നിന്ന് തട്ടിപ്പ് നടത്തി സമ്പാദിച്ചതെന്ന് കരുതുന്ന അഞ്ച് ലക്ഷം രൂപയും കണ്ടെടുത്തു. കൂടുതൽ പേരെ ഇയാൾ കബളിപ്പിച്ചതായി സൂചനയുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More : വീടും പറമ്പും തട്ടിയെടുത്തു, പകരം വാസയോഗ്യമല്ലാത്ത സ്ഥലം നൽകി: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

click me!