ഒറ്റപ്പാലത്ത് ഭാര്യയെ ഭർത്താവ് കൊന്നത് പുലർച്ചെ വെള്ളം കുടിക്കാൻ എഴുന്നേറ്റപ്പോൾ,പ്രകോപനം അന്വേഷിച്ച് പൊലീസ്

By Web TeamFirst Published Sep 28, 2022, 6:29 PM IST
Highlights

പാലക്കാട്ടുനിന്നും ഏറെ ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെയോടെ പുറത്തുവന്നത്. ഒറ്റപ്പാലം കോതക്കുറുശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു എന്നതായിരുന്നു വാർത്ത

പാലക്കാട്: പാലക്കാട്ടുനിന്നും ഏറെ ഞെട്ടിക്കുന്ന വാർത്തയാണ് രാവിലെയോടെ പുറത്തുവന്നത്. ഒറ്റപ്പാലം കോതക്കുറുശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു എന്നതായിരുന്നു വാർത്ത. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കോതകുറുശ്ശി സ്വദേശി കിഴക്കേ പുരയ്ക്കൽ രജനിയാണ് കൊല്ലപ്പെട്ടത്.   ഭർത്താവ് കൃഷ്ണദാസിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നുണ്ടായ പ്രകോപനവും കൊലപാതകവും കോതക്കുറിശ്ശിയെ ഞെട്ടിച്ചിരിക്കുകയാണ്.

കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്നോ, ഇതിന് പിന്നിലെ പ്രകോപനം എന്തെന്നോ ഇതുവരെ വ്യക്തമല്ല. പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റ സമയത്താണ് സംഭവം നടന്നത്. തടയാൻ ശ്രമിക്കുന്നതിനിടെ മകൾ  അനഘക്കും വെട്ടേറ്റിരുന്നു. മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് അനഘ.  കുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൃഷ്ണദാസിന് മാനസിക പ്രയാസങ്ങൾ ഉള്ളതായാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടുതവണ ഇതിന് ചികിത്സ തേടിയതായും ബന്ധുക്കൾ പറഞ്ഞു.  കെട്ടിട നിർമാണ തൊഴിലാളിയായ കൃഷ്ണദാസ് രാത്രി എട്ടുമണിയോടെയാണ് വീട്ടിലെത്തിയത്. വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വാങ്ങിയായിരുന്നു കൃഷ്ണദാസ് വന്നത്. രാത്രി പത്തുമണിയോടെ, ഉറങ്ങി. ഇതിനിടയിൽ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

പുലർച്ചെ കൃഷ്ണദാസിന്റെ മകളുടെ കരച്ചിൽ കേട്ടാണ് അയലത്ത് താമസിക്കുന്ന സഹോദരൻ ഓടി വന്നത്. അപ്പോഴാണ്, രജനിയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്.  ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയും സമീപത്ത് ഉണ്ടായിരുന്നു. മൂന്ന് മക്കളിൽ ഒരാളായ അനഘയ്ക്കും പരിക്കുണ്ടായിരുന്നു. ഇത്  ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഉണ്ടായതാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Read more: ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചു, മാന്നാറിൽ വീടുകളിലും ക്ഷേത്രങ്ങളിലും പരക്കെ മോഷണം

രജനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷവും കൃഷ്ണദാസ് വീട് വിട്ട് പോവുകയോ രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്തില്ലെന്നാണ് വിവരം.  കസ്റ്റഡിയിൽ എടുത്ത കൃഷ്ണദാസിനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ് പൊലീസ്. രജനിയുടെ മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. അപ്രതീക്ഷിതമായ മാനസിക വഭ്രാന്തിയാണോ കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അപ്രതീക്ഷിത ദുരന്തത്തിൽ ഞെട്ടിയിരിക്കുകയാണ് നാട്.

click me!