
ഡെറാഡൂൺ: ഹരിദ്വാറിൽ ജയിലിൽ രാംലീലക്കിടെ കൊടും കുറ്റവാളികൾ രക്ഷപ്പെട്ട സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി. രക്ഷപ്പെട്ട പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. യുപിയിൽ ഉൾപ്പടെ തെരച്ചിൽ തുടരുകയാണെന്നും, ഇതിനായി 10 സംഘങ്ങൾ രൂപീകരിച്ചെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് നവരാത്രി ആഘോഷങ്ങൾക്കിടെ ജയിലില് സംഘടിപ്പിച്ച രാംലീലയിൽ വാനരവേഷം കെട്ടിയ 2 പ്രതികൾ ജയിൽ ചാടിയത്അതേസമയം, ബിജെപി ഭരണത്തിൽ ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല സംഘടിപ്പിച്ചത്. തടവു പുള്ളികളായിരുന്നു അഭിനേതാക്കൾ. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുൾപ്പടെ രണ്ട് പേർ ജയിൽ ചാടിയെന്ന് അധികൃതർക്ക് മനസിലായത്. ജയിലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോഗിച്ച ഏണി ഉപയോഗിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പങ്കജിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചതാണ്. രണ്ടാമൻ രാംകുമാർ വിചാരണ തടവുകാരനാണ്. പുലർച്ചെയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാർ എസ്പി അറിയിച്ചു. ജയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റ് വിമർശിച്ചു. അറ്റകുറ്റപണി നടക്കുന്നതിനിടെ ജയിൽ വളപ്പിൽ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണ്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam