ഓലയില്‍ ബുക്ക് ചെയ്ത് ടാക്സി വിളിച്ചു; ഡ്രൈവറുടെ പണവും വഹനവും കവർന്ന് യാത്രക്കാർ മുങ്ങി

By Web TeamFirst Published Dec 12, 2019, 10:41 PM IST
Highlights

ഒ ടി പി നൽകിയശേഷം മൂന്നു പേരും കാറിൽ കയറിയെങ്കിലും ഇടയ്ക്ക് മൂന്നു തവണ പോകേണ്ട സ്ഥലം മാറ്റിപ്പറഞ്ഞു

ബെംഗളൂരു: മൂന്നു യാത്രക്കാർ ചേർന്ന് ഓല ടാക്സി ഡ്രൈവറെ കൊള്ളയടിച്ച് പണവും കാറും കവർന്നു കടന്നുകളഞ്ഞതായി പരാതി. ഹൊസൂർ റോഡിലെ കുഡ്‍ലുഗേറ്റിനു സമീപം താമസിക്കുന്ന ടാക്സി ഡ്രൈവർ ശിവകുമാർ ആണ് പരാതി നൽകിയത്. ഓല ആപ്പിൽ യാത്ര ബുക്ക് ചെയ്ത മൂന്നുപേരാണ് കവർച്ച നടത്തിയത്.

യാത്ര ബുക്ക് ചെയ്ത നമ്പറിൽ നിന്ന് ഒരാൾ ശിവകുമാറിനെ വിളിക്കുകയും വൈറ്റ്ഫീൽഡിലേക്ക് പോകണമെന്ന് പറയുകയുമായിരുന്നു. ആ സമയത്ത് താൻ ദേവനഹള്ളി ടോൾ പ്ലാസയ്ക്കു സമീപമായിരുന്നവെന്നും തന്നോട് അതിനടുത്തുളള ടോൾ ഗേറ്റിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ശിവകുമാർ പറയുന്നു. ഒ ടി പി നൽകിയശേഷം മൂന്നു പേരും കാറിൽ കയറിയെങ്കിലും ഇടയ്ക്ക് മൂന്നു തവണ പോകേണ്ട സ്ഥലം മാറ്റിപ്പറഞ്ഞു.

ഒടുവിൽ ബുഡിഗെരെ ക്രോസ് എത്തിയപ്പോൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ബലപ്രയോഗത്തിലൂടെ കാറിൽ നിന്നിറക്കിയതിനു പുറമേ അന്നു ലഭിച്ച 8000 രൂപയും മൊബൈൽ ഫോണും കവർച്ച സംഘത്തിനു നൽകേണ്ടി വന്നതായും ശിവകുമാർ പറയുന്നു.

ഓല ടാക്സി ബുക്ക് ചെയ്ത മൊബൈൽ നമ്പർ സ്വിച്ച് ഓഫ് ആണെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത കാടുഗോഡി പൊലീസ് പറഞ്ഞു.

click me!